കൊയിലാണ്ടി നഗരസഭ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തി

.
കൊയിലാണ്ടി: കേരള സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തി. നഗരസഭാ പ്രദേശത്തെ ദരിദ്രരായ ആളുകളെ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ കണ്ടെത്തി അതിൽ ഉൾപ്പെട്ട 218 പേർക്കും ഓരോരുത്തരുടെയും ആവശ്യങ്ങൾ കണ്ടെത്തി നിറവേറ്റിയാണ് നഗരസഭ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

വരുമാന രഹിതരായവർക്ക് മുട്ടക്കോഴി, ആട് വളർത്തൽ, തയ്യൽ മെഷീൻ വിതരണം തുടങ്ങിയ മാർഗങ്ങളിലൂടെ പരിഹരിച്ചും വീടില്ലാത്തവർക്ക് വീട് വെക്കുന്നതിനു സഹായം നൽകിയും രേഖകളില്ലാത്ത ആളുകൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് ഉൾപ്പടെ എല്ലാ രേഖകളും ലഭ്യമാക്കി. പാലിയേറ്റീവ് സഹായം ആവശ്യമുള്ളവർക്ക് പാലിയേറ്റീവ് കെയർ നൽകി. വിദ്യാർത്ഥികൾക്ക് തികച്ചും സൗജന്യ യാത്രയും ഉറപ്പു വരുത്തി.
ഇനിയുള്ള കാലങ്ങളിലും ഇവരെ കൈവിടാതെ ചേർത്തു പിടിക്കുമെന്നും ഇതൊരു തുടർ പ്രവർത്തനമാണെന്നും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. വൈസ് ചെയർമാൻ അഡ്വ കെ സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊജക്റ്റ് ഓഫീസർ ജസീർ മുഖ്യാഥിതി ആയി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, കെ. അജിത് മാസ്റ്റർ, കെ എ ഇന്ദിര ടീച്ചർ, പ്രജില സി, നിജില പറവക്കൊടി, കൗൺസിലർമാരായ കേളോത്ത് വത്സരാജ്, വി പി ഇബ്രാഹിം കുട്ടി, സിഡിഎസ് ചെയർപേഴ്സൺ കെ. കെ. വിബിന, ക്ലീൻ സിറ്റി മാനേജർ കെ സി രാജീവൻ എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി രമിത റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി പി പ്രദീപ് സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ എം. പി. ഇന്ദുലേഖ നന്ദിയും പറഞ്ഞു.
