മാലിന്യമുക്ത നവകേരളം ക്യാമ്പയിനിൽ കൊയിലാണ്ടി ജിവിച്ച്എസ്എസ് എൻഎസ്എസ്- ജില്ലയിൽ ഒന്നാമത്

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സ്കൂൾതലത്തിൽ എൻഎസ്എസ് നടത്തിയ പ്രവർത്തനങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജിവിച്ച്എസ്എസ് കൊയിലാണ്ടി. കഴിഞ്ഞ കാലങ്ങളിൽ സ്കൂൾ എൻ എസ് എസ് യൂണിറ്റ് നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്.

പൊതു ഇടങ്ങളുടെ ശുചീകരണം, പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തുണി സഞ്ചി നിർമ്മിച്ച് വീടുകളിൽ വിതരണം ചെയ്യൽ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, റോഡുകൾ എന്നിവ ശുചീകരിക്കൽ, പൊതു കുളങ്ങൾ സംരക്ഷിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ എന്നിവയാണ് അവാർഡിനായി പരിഗണിക്കപ്പെട്ട മികച്ച പ്രവർത്തനങ്ങൾ.


കോഴിക്കോട് സിൽവർ ജൂബിലി മിഷൻ ഹാളിൽവെച്ച് നടന്ന പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രശസ്തി പത്രവും അവാർഡും വിതരണം ചെയ്തു. എൻ എസ് എസ് ലീഡർ ജനിഗ ബി ശേഖർ, അൽസാബിത്ത്, ജാസിം ജബ്ബാർ, പ്രിൻസിപ്പൽ എൻ വി പ്രദീപ് കുമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷിദ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

