KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പ്രവൃത്തി ആരംഭിച്ചു

കൊയിലാണ്ടി നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിൻ്റെ പ്രവൃത്തി ആരംഭിച്ചു. പഴയ ബസ്സ്സ്റ്റാൻറ് നിന്ന സ്ഥലത്താണ് പുതിയ തിയേറ്റർ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്. കോംപ്ലക്സിന്റെ പ്രവൃത്തി ഉദ്ഘാടനം കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ജെ.സി.ബി ഓടിച്ച് നിര്‍വഹിച്ചു. അഞ്ച് നിലകളിലായി 60000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവൃത്തി 2024 ആഗസ്റ്റില്‍ പൂര്‍ത്തീകരിക്കുമെന്നും താഴത്തെ രണ്ട് നിലകള്‍ കടമുറികള്‍ക്കും ബാക്കി നിലകള്‍ വാണിജ്യാവശ്യത്തിനുമായാണ് സജ്ജീകരിക്കുന്നത്.
കെട്ടിടത്തില്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, മള്‍ട്ടിപ്ലക്സ് തിയ്യേറ്റര്‍, റസ്റ്റോറൻ്റുകൾ, ആര്‍ട് ഗ്യാലറി തുടങ്ങിയവക്ക് സൌകര്യമൊരുക്കും. ഭിന്നശേഷി സൌഹൃദമായ കെട്ടിടത്തില്‍ ആധുനിക രീതിയിലുള്ള ടോയ്ലെറ്റ്, ലിഫ്റ്റ്, തുടങ്ങിയവ സജ്ജീകരിക്കും. 90 കാറുകൾക്കും 100 ലേറെ ഇരു ചക്ര വാഹനങ്ങൾക്കും പാർക്കിഗ് സൗകര്യവും ഒരുക്കും.
Advertisements
21 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടം രൂപകല്‍പന ചെയ്ത കോഴിക്കോട് എന്‍.ഐ.ടി യിലെ വിദഗ്ദര്‍ തന്നെ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തും. മഞ്ചേരി ആസ്ഥാനമായ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്ഥാപനമാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി നടത്തുന്നത്.
പ്രവൃത്തി ഉദ്ഘാടന പരിപാടിയില്‍  ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഇ.കെ അജിത്, കെ.എ. ഇന്ദിര, കെ. ഷിജു, നിജില പറവക്കൊടി, കൌണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ്, മനോജ് പയറ്റുവളപ്പില്‍, എ.അസീസ്, അസി. എഞ്ചിനീയര്‍ എന്‍.ടി അരവിന്ദന്‍ എന്നിവർ സംസാരിച്ചു.  വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ സ്വാഗതവും നഗരസഭ  സെക്രട്ടറി എൻ. സുരേഷ് കുമാര്‍  നന്ദിയും പറഞ്ഞു.