KOYILANDY DIARY.COM

The Perfect News Portal

കോട്ടയം മെഡിക്കൽ കോളേജിലെ സംഭവം: രക്ഷാപ്രവർത്തനം വൈകിയെന്ന വാദം തെറ്റ്

കോട്ടയം മെഡിക്കൽ കോളേജിലെ ഉപേക്ഷിച്ച കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ, രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകാൻ വൈകിയെന്ന വാദം തെറ്റ്. മണ്ണുമാന്തിയന്ത്രം എത്തിക്കാൻ അപകടം നടന്ന ഉടൻ അറിയിപ്പ് നൽകിയ ഫോൺ കോൾ ലിസ്റ്റ് ലഭിച്ചു. മണ്ണുമാന്തിയന്ത്രം എത്തിക്കാൻ അറിയിപ്പ് ലഭിച്ചിരുന്നതായി വാഹന ഉടമ ജയമോൻ പി സി കൈരളി ന്യൂസിനോട് പറഞ്ഞു. ഈ നിർദ്ദേശം 10.53 ന് ഓപ്പറേറ്റർക്ക് നൽകി. 15 മിനിറ്റിനുള്ളിൽ മണ്ണുമാന്തി മെഡിക്കൽ കോളേജിൽ എത്തിച്ചു.

പക്ഷേ, വാഹനം അപകട സ്ഥലത്തേക്ക് എത്തുവാൻ തടസങ്ങൾ ഉണ്ടായി. തടസങ്ങൾ പൊളിച്ച് മാറ്റിയ ശേഷമാണ് മണ്ണുമാന്തിയന്ത്രം അപകടസ്ഥലത്ത് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനുമുള്ള സംവിധാനങ്ങൾ എത്തിക്കാൻ വൈകിയെന്ന ചില മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്‍റേയും ആരോപണങ്ങളെ തള്ളുന്നതാണ് കോൾ ലിസ്റ്റ്. അവശിഷ്ടങ്ങൾ മാറ്റാനുള്ള മണ്ണുമാന്തിയന്ത്രം എത്തുവാൻ വ‍ഴിയിൽ ഉണ്ടായ തടസമാണ് ഉടനടിയുള്ള രക്ഷാപ്രവർത്തനത്തിന് തടസമായത്.

 

തകർന്ന കെട്ടിടത്തിനടുത്തേക്ക് മണ്ണുമാന്തിയന്ത്രം എത്താൻ, മറ്റു വ‍ഴികളില്ലാത്തതിനാൽ ആളുകൾ നടന്നു പോകുന്ന പാസേജിലൂടെയാണ് വാഹനം എത്തിച്ചത്. വ‍ഴിയിൽ ഭിത്തികളും തടസങ്ങളും പൊളിച്ചുമാറ്റേണ്ടി വന്നു. തകർന്ന കെട്ടിടത്തിനടുത്ത് എത്തിയപ്പോ‍ഴും, താ‍ഴേക്ക് തൂങ്ങി നിന്ന പാളികൾ വൻസുരക്ഷാ പ്രശ്നമായി നിലകൊണ്ടിരുന്നതിനാൽ അതും നീക്കം ചെയ്ത ശേഷമാണ് തകർന്ന അവശിഷ്ടങ്ങൾ നീക്കാനായത്.

Advertisements

അതേസമയം, കോട്ടയം മെഡിക്കല്‍ കോളേജിൽ ഉണ്ടായത് പോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Share news