KOYILANDY DIARY.COM

The Perfect News Portal

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന്‌ രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ പുറത്തെടുക്കാനായത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. സ്ഥലത്ത് പ്രതിഷേധം നടക്കുകയാണ്.

മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉള്‍പ്പെടെ ആരോപിക്കുന്നത്.

 

കെട്ടിടം അപകടാവസ്ഥയിലാണെന്നോ അവിടേക്ക് പോകരുതെന്നോ അധികൃതര്‍ നിര്‍ദേശം തന്നിരുന്നില്ലെന്ന് മെഡിക്കല്‍ കോളജിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും അറിയിച്ചു. മെഡിക്കല്‍ കോളജിന്റെ 14-ാം വാര്‍ഡിന്റെ ശുചിമുറികള്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇരുവരുടേയും പരുക്കുകള്‍ സാരമല്ല. വലിയ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisements
Share news