KOYILANDY DIARY.COM

The Perfect News Portal

ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളേജ് കനത്ത സുരക്ഷയിൽ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയോസ് കോളേജ് കനത്ത സുരക്ഷയിൽ. കൗണ്ടിങ് സെൻററിൻറെ സുരക്ഷയ്ക്കായി 32 സിഎപിഎഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പൊലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷൻറെ സുരക്ഷയ്ക്കായുണ്ടാകും. വെള്ളി രാവിലെ എട്ട്‌ മുതലാണ്‌ വോട്ടെണ്ണൽ. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക.
14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണൽ നടക്കുക. ഒന്നുമുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.
ആദ്യ റൗണ്ടിൽ ഒന്നു മുതൽ 14 വരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടർന്ന് പതിനഞ്ചുമുതൽ 28 വരെയും. ഇത്തരത്തിൽ 13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സർവർ, ഒരു കൗണ്ടിങ് സൂപ്പർ വൈസർ, രണ്ടു കൗണ്ടിങ്ങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. 14 ടേബിളുകളിലായി ആകെ 44 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. 80 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിലൂടെ 2491 പേർ വോട്ട്  രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകൾ അഞ്ച്‌ മേശകളിലായാണ് എണ്ണുക.
സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ്. ബാലറ്റുകൾ 138 എണ്ണമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇവ മറ്റൊരു മേശയിലും എണ്ണും. ഈ ആറുമേശയിലും ഒരു മൈക്രോ ഒബ്സർവർ, ഒരു ഡെസിഗ്നേറ്റഡ് അസി. റിട്ടേണിങ്ങ് ഓഫീസർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ട്‌ കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ആറ്‌ ടേബിളുകളിലുമായി 30 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും.

 

Share news