‘കോടിയേരി സ്മൃതി സെമിനാർ’ 22ന്; വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തലശേരി: കോടിയേരി ബാലകൃഷ്ണൻറെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ‘കോടിയേരി സ്മൃതി സെമിനാർ’ 22ന് സിപിഐ (എം) കേന്ദ്രകമ്മിറ്റി അംഗം വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചൊക്ലി യുപി സ്കൂളിൽ ചേരുന്ന സെമിനാർ ഉദ്ഘാടന സമ്മേളനത്തിൽ കവിയൂർ രാജഗോപാലൻ അധ്യക്ഷനാവും. ചൊക്ലി കോടിയേരി ബാലകൃഷ്ണൻ സ്മാരക ലൈബ്രറിയും പുരോഗമന കലാസാഹിത്യസംഘം പാനൂർ മേഖല കമ്മിറ്റിയുമാണ് സംഘാടകർ.

പകൽ 11ന് ആരംഭിക്കുന്ന ആദ്യസെഷനിൽ ‘ലിംഗനീതി മാർക്സിയൻ കാഴ്ചപ്പാടിൽ’ വിഷയം ഡോ പ്രിയയും പകൽ 12ന് തുടങ്ങുന്ന സെഷനിൽ ‘സെക്കുലറിസം: സങ്കൽപവും യാഥാർത്ഥ്യവും’ വിഷയം ഡോ. എ എം ഷിനാസും അവതരിപ്പിക്കും. മൂന്നാമത്തെ സെഷൻ വൈകിട്ട് 3ന് ആരംഭിക്കും. ‘ഇന്ത്യൻ അഥവാ ഭാരത ഭരണഘടനയിലെ രാഷ്ട്ര സങ്കൽപം’ എന്ന വിഷയം ഡോ സുനിൽ പി ഇളയിടം അവതരിപ്പിക്കും.


ഓരോ വിഷയാവതരണത്തിനും ശേഷം സംവാദമുണ്ടാവും. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. 500 പേരാണ് രജിസ്റ്റർ ചെയ്തത്. രജിസ്റ്റർ ചെയ്യാത്തവർക്കും സെമിനാറിൽ പങ്കെടുക്കാം.

