KOYILANDY DIARY.COM

The Perfect News Portal

കൊരയങ്ങാട് ഗണപതി ക്ഷേത്രവും പരിസരവും പണ്ടാട്ടി ആഘോഷത്തോടെ ഭക്തി സാന്ദ്രമായി

കൊയിലാണ്ടി: വിഷുദിനത്തിൽ പ്രജകൾക്ക് അനുഗ്രഹം ചൊരിഞ്ഞ് ശിവ പാർവതിമാർ യാത്രയായി. ഇനി അടുത്തവിഷുനാളിൽ അനുഗ്രഹിക്കാനെത്തും. കൊരയങ്ങാട് ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് നടന്ന പണ്ടാട്ടി ആഘോഷം ഭക്തി സാന്ദ്രമായി. വിഷുദിനത്തിലാണ് ഉത്തര കേരളത്തിലെ പത്മശാലിയ സമുദായം പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന തനത് ചടങ്ങാണ് “പണ്ടാട്ടി വരവ്.
പ്രാദേശിക ഭേദമനുസരിച്ച്  “ചപ്പ കെട്ട് “, “യോഗി പുറപ്പാട് ” എന്നിങ്ങനെയും ഈ ആഘോഷത്തിന് പേരുകളുണ്ട്. പണ്ടാട്ടി ആഘോഷത്തിന് പിന്നിൽ ശിവ-പാർവ്വതി സംഗമത്തിൻ്റെയും സാന്നിധ്യത്തിൻ്റെയും ഐതിഹ്യമാണുള്ളത്. വിഷുദിനത്തിൽ ശിവനും പാർവ്വതിയും വേഷംമാറി പ്രജകളുടെ  ക്ഷേമാന്വേഷണത്തിനായി ഇവിടുത്തെ എത്തുന്നു എന്നാണ് സങ്കല്പം. ശിവനും പാർവതിയും സഹായിയും എന്ന രീതിയിൽ മൂന്നു പേരാണ് വേഷമിടുക. 
സ്ഥലത്തെ പ്രധാന ക്ഷേത്രത്തിൽ നിന്നാണ് പണ്ടാട്ടി വരവിൻ്റെ പുറപ്പാട്. പിന്നീട് തെരുവിലെ വീടുകൾ തോറും കയറിയിറങ്ങുന്ന പണ്ടാട്ടികൾ വഴിയിൽ കാണുന്നവരെയൊക്കെ അനുഗ്രഹിയ്ക്കും. പണ്ടാട്ടി വീടുകളിൽ എത്തുന്നതിനു മുമ്പ് ചാണകം തളിച്ച് വീടും പരിസരവും ശുദ്ധിയാക്കിയിരിക്കും. കൊളുത്തിവെച്ച നിലവിളക്കിന്റെ കൂടെ നിറനാഴി, കണിവെള്ളരി, നാളികേരം, അപ്പം, എന്നിവ വെച്ചാണ്‌ പണ്ടാട്ടിയെ സ്വീകരിക്കുക. ഇവ അവസാനം ക്ഷേത്രത്തിൽ നിന്നും വീടുകളിലേക്ക് കൊടുക്കും. പണ്ടാട്ടി തൻറെ വടി കൊണ്ട് വീടുകളുടെ ജനൽ, വാതിൽ, ചുവർ എന്നിവയിൽ അടിച്ച് ശബ്ദമുണ്ടാക്കിയാണ് വീടുകളിൽ കയറുക..
ഈ സമയത്ത് പണ്ടാട്ടിയെ അനുഗമിയ്ക്കുന്നവർ ‘ചക്കക്കായ് കൊണ്ടുവാ… മാങ്ങാക്കായ് കൊണ്ടുവാ.. ചക്കേം മാങ്ങേം കൊണ്ട് വാ..”എന്നിങ്ങനെ ആർപ്പ് വിളിച്ച് ഒപ്പം കൂടും. വട്ടത്തിൽ മുറിച്ച വെള്ളരി കൊണ്ട് കാതിൽ ആഭരണവും, ചകിരി കൊണ്ടുള്ള മീശയും വാഴ കൊണ്ടുള്ള കിരീടവുമാണ് “ചപ്പകെട്ടു” കാരുടെ വേഷത്തിൻ്റെ രൂപ സവിശേഷത. കൊരയങ്ങാട് നടന്ന ആഘോഷത്തിൽ ടി ടി ഷിബു,  കെ.പി. ബാബു. എന്നിവർ ശിവപാർവ്വതിമാരായി വേഷ പ്രഛന്നരായി. സഹായിയായി തെക്കെ തലക്കൽ ഷിജു ആണ് വേഷം കെട്ടിയത്.
Share news