യുഡിഎഫ് അധികാരത്തിലേറിയ കൊപ്പം പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു
പട്ടാമ്പി: യുഡിഎഫ് അധികാരത്തിലേറിയ കൊപ്പം പഞ്ചായത്ത് എൽഡിഎഫ് തിരിച്ചുപിടിച്ചു. ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് പ്രമേയം പാസായത്. യുഡിഎഫിലെ ഒരംഗം എൽഡിഎഫിന് വോട്ടുചെയ്‌തു. ഏക ബിജെപി അംഗം വിട്ടുനിന്നു. 2020 ൽ തെരഞ്ഞെടുപ്പിന് ശേഷം 17 വാർഡുകളുളള പഞ്ചായത്തിൽ എൽഡിഎഫ് എട്ട്, യുഡിഎഫ് എട്ട്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.

നറുക്കെടുപ്പിലൂടെ എൽഡിഎഫിന് പ്രസിഡണ്ട് സ്ഥാനവും യുഡിഎഫിന് വൈസ് പ്രസിഡണ്ട് സ്ഥാനവും ലഭിച്ചു. പിന്നീട് 2022 ഏപ്രിലിൽ ബിജെപി അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ്, പ്രസിഡണ്ടായിരുന്ന സിപിഐ എമ്മിലെ ടി ഉണ്ണികൃഷണനെതിരെ അവിശ്വാസം കൊണ്ടു വരികയായിരുന്നു. ബിജെപി പിന്തുണയിൽ ഇത് പാസ്സാവുകയും ചെയ്‌തു. തുടർന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബിജെപി അംഗം വിട്ട് നിൽക്കുകയായിരുന്നു. പിന്നാലെ നടന്ന നറുക്കെടുപ്പിൽ മുസ്ലീം ലീഗിലെ എം സി അബ്‌ദുൾ അസീസ് പ്രസിഡണ്ടായി.

