KOYILANDY DIARY.COM

The Perfect News Portal

ഹയർ സെക്കന്ററി വിഭാഗം നാടകത്തിൽ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് പത്താം തവണയും വിജയ കിരീടം

കൊയിലാണ്ടി: റവന്യു ജില്ലാ സ്കൂൾ കലോത്സവം ഹയർ സെക്കന്ററി വിഭാഗം നാടകത്തിൽ കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് പത്താം തവണയും വിജയ കിരീടം. നാടകം “കുരിശ് ” സംസ്ഥാന തലത്തിലേക്ക്. കല്ലെറിഞ്ഞാലും കുരിശിലേറ്റിയാലും സത്യവും നന്മയും സ്നേഹവും ഉയിർത്തെഴുന്നേൽക്കും എന്ന സന്ദേശം സമൂഹത്തിന് കൈമാറുന്ന  “കുരിശ് ” നാടകം തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് 
തെരഞ്ഞെടുക്കപ്പെട്ടു. കോക്കല്ലൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾ അവതരിപ്പിച്ച കുരിശ് നാടകം ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചതോടെ തുടർച്ചയായി പത്താം തവണയും നേട്ടം കൈവരിച്ചതിലൂടെ വിജയ ചരിത്രം ആവർത്തിക്കുകയാണ്.
വേദി 7 “നവഖാലി”യിൽ 10 നാടകങ്ങളാണ് അരങ്ങിൽ എത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിനി ജെ എസ് വൈഷ്ണവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. കുരിശ് നാടകത്തിൽ എൽ.എസ്. സുമന, എ.എസ്. അശ്വിനി, ഗൗതം ആദിത്യൻ, എസ്.ജി.ഗൗരി പാർവ്വതി, ജെ.എസ്. വൈഷ്ണവി, ആർ.പി. ഘനശ്യാം, സഹജ് വിനോദ്, ശ്രിയാ ലക്ഷ്മി ശ്രീജിത്ത്, ജെ.എസ്. വേദിക, എസ്. വേദ രാജീവ് എന്നിവരാണ് ഈ നാടക സംഘത്തിലെ അംഗങ്ങൾ.
വിനോയ് തോമസിൻ്റെ ” വിശുദ്ധ മഗ് ദലന മറിയത്തിൻ്റെ പള്ളി ” എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്ക്കാരമാണിത്. നാടക രചന വിനീഷ് പാലയാട്, സംവിധാനം മനോജ് നാരായണൻ, ആർട്ട് ആൻ്റ് സെറ്റ് നിധീഷ് പൂക്കാട് , വസ്ത്രാലങ്കാരം ജയിംസ് ചങ്ങനാശ്ശേരി,സംഗീതം സത്യജിത്ത്. കോക്കല്ലൂർ വിദ്യാലയത്തിലെ നാടക കൂട്ടായ്മയായ മാവറിക്സ് ക്രിയേറ്റീവ് കലക്ടീവിൻ്റെ സഹകരണത്തോടെയാണ് നാടകം അണിയിച്ച് ഒരുക്കിയത്. 10 നാടകങ്ങളുടെയും ചുമതല നിർവ്വഹിച്ചത് കോക്കല്ലൂർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ മുഹമ്മദ് സി അച്ചിയത്ത് ആണ്.
Share news