KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി; ജലാശയ ശുചീകരണ ക്യാമ്പയിൻ “ഇനി ഞാൻ ഒഴുകട്ടെ”

കൊയിലാണ്ടി ജലാശയ ശുചീകരണ ക്യാമ്പയിൻ നടത്തി. കൊയിലാണ്ടി നഗരസഭയിലെ 3, 4 വാർഡുകളിൽ കൂടി കടന്നുപോകുന്ന കൊന്നക്കൽ താഴെ മുതൽ കോളോത്ത് താഴെ വരെയുള്ള തോടാണ് ജനകീയ പങ്കാളിത്തത്തോടു കൂടി ശുചീകരണം നടത്തിയത്. കാലത്ത് 7 മണി മുതൽ ആരംഭിച്ച ശുചീകരണ പ്രവർത്തി നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അധ്യക്ഷത വഹിച്ചു. തോട് സംരക്ഷണ സമിതി കൺവീനർ എടക്കണ്ടി സുരേഷ് സ്വാഗതം പറഞ്ഞു.
ഉദ്ദേശം ഒന്നര കിലോമീറ്റർ നീളത്തിലാണ് ശുചീകരണം നടത്തിയത്. തോട്ടിൽ നിന്നും മണ്ണും ചെളിയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ നീക്കം ചെയ്തു. ചടങ്ങിൽ മുൻ കൊയിലാണ്ടി എംഎൽഎ കെ ദാസൻ കൗൺസിലർമാരായ രമേശൻ മാസ്റ്റർ മുൻ കൗൺസിലർമാരായ എൻ. കെ ഭാസ്കരൻ, കെ കെ ഭാസ്കരൻ നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇ ബാബു, ഹെൽത്ത് ഇൻസ്പെക്ടർ  ലിജോയി എൽ, ശ്രീ AKC മുഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നാലാം വാർഡ് ADS ചെയർപേഴ്സൺ ശ്രീമതി ബാവ കൊന്നേങ്കണ്ടി നന്ദി പറഞ്ഞു.
Advertisements
 ശുചീകരണത്തിന് കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, തോട് സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. നഗരസഭയിലെ തോടുകളും ജലസ്രോതസ്സുകളും  ജനപങ്കാളിത്തത്തോടുകൂടിയും  അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും ശുചീകരണം നടത്തി ജനകീയ കമ്മിറ്റികൾക്ക് രൂപം നൽകിക്കൊണ്ട് സംരക്ഷിച്ചു നിർത്തുമെന്ന് അഡ്വ. കെ സത്യൻ അറിയിച്ചു.