KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ കുറ്റിവയൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളംകയറി

കൊയിലാണ്ടി: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ കൊയിലാണ്ടി നഗരസഭ 32-ാം വാർഡിലെ കുറ്റിവയൽ ഭാഗങ്ങളിൽ വീടുകളിൽ വെള്ളംകയറി. ഇതോടെ ഒൻപതോളം കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കഴിഞ്ഞ നിരവധി വർഷങ്ങളായി മഴക്കാലമാകുമ്പോൾ പ്രദേശം വെള്ളംകയറി അപകട ഭീഷണി നേരിടുന്നതായി പ്രദേശവാസികൾ പറയുന്നു. എല്ലാ വർഷവും ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടവരായി വിധിക്കപ്പെട്ട ഞങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനാരി തോട് ശാസ്ത്രീയമായ നവീകരിച്ചാൽ പ്രശ്നം തീരുമെന്നും അതിനായി ഇനിയും കാത്തിരിക്കാനാകില്ലെന്നാണ് ഇവർ പറയുന്നത്. നിരവധി തവണ നഗരസഭയിൽ പരാതി കൊടുത്തെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അനുകൂലമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് പരാതി. ഇപ്പോൾ പുരയിടത്തിൻ്റെ നാലു ഭാഗത്തും വെള്ളം കയറി വീടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാ അവസ്ഥയാണുള്ളത്. നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറഞ്ഞു. 
കുറ്റിവയൽ ഭാഗത്തുള്ള 9 കുടുംബങ്ങളിലെ 29 പെരെ കോതമംഗലം ജി.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായി നഗരസഭ കൌൺസിലർ എ. ലളിത പറഞ്ഞു. ഇവിടെ ഭൂമിശാസ്ത്രപരമായി ഏറെ താഴ്ന്ന പ്രദേശമാണെന്നും സമീപ പ്രദേശത്തുള്ളവർ ഇടകളും തോടുകളും നികത്തിയതോടെയാണ് ഇവിടെ ഇത്രയെറെ പ്രതിസന്ധിയുണ്ടാക്കിയതെന്നും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും പറയുന്നു.
Share news