KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വായനാ ദിനത്തിൽ 300 മാഗസിനുകൾ പ്രകാശനം ചെയ്തു

കൊയിലാണ്ടി: വായന വാരാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ 300 മാഗസിനുകൾ പ്രകാശനം ചെയ്തു. എഴുത്തിനോടും വായനയോടും ഇഷ്ടം പ്രകടിപ്പിച്ച 300 വിദ്യാർഥികളാണ് മാഗസിൻ തയ്യാർ ചെയ്ത് വായന ദിനം ശ്രദ്ധേയമാക്കിയത്. പ്രശസ്ത എഴുത്തുകാരനും യുവ സാമൂഹ്യ നിരീക്ഷകനുമായ മുഹമ്മദലി കിനാലൂർ മാഗസിനുകൾ പ്രകാശനം ചെയ്തു. കഥകളും കവിതകളും വരകളും വർണ്ണങ്ങളും നിറഞ്ഞ കയ്യെഴുത്ത് മാഗസിനുകൾ എഴുത്തിന്റെയും വായനയുടെയും ക്രിയാത്മകമായ പഠനത്തിന്റെയും മേഖലയിൽ വിദ്യാർത്ഥികളുടെ വലിയ ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കവിത വേദി, അക്ഷര യാത്ര, രക്ഷിതാക്കൾക്ക് കഥാ വായന മത്സരം, സാഹിത്യ ചർച്ച, അധ്യാപകരുടെ പുസ്തകോപഹാരം തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ജൂൺ 19 മുതൽ 25 വരെ മർക്കസ് സ്കൂളിൽ വായന വാരം ആചരിക്കുന്നത്. വായനാദിന സ്പെഷ്യൽ അസംബ്ലിയിൽ വിദ്യാർഥികൾ വിവിധ ഭാഷകളിൽ സാഹിത്യ വായന അവതരിപ്പിച്ചു. പ്രിൻസിപ്പൽ അബ്ദുൽ മജീദ് ഇർഫാനി അഡ്മിനിസ്ട്രേറ്റർ അബ്ദുൾ നാസർ സി കെ, അബ്ദുൽ കരീം നിസാമി പ്രോഗ്രാം കോഡിനേറ്റർ ലാൽസി, ഇവൻറ് കൺവീനർ അൻഷാദ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
Advertisements