KOYILANDY DIARY.COM

The Perfect News Portal

കൊച്ചി മെട്രോ രണ്ടാംഘട്ട പൈലിങ് തുടങ്ങി, 11.2 കിലോമീറ്റർ പാതയിലുണ്ടാവുക 10 സ്‌റ്റേഷനുകൾ

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം അതിവേഗം മുന്നോട്ടുപോകുകയാണെന്ന് മന്ത്രി പി രാജീവ്. സ്‌റ്റേഷനുകളുടെ സ്ഥലമെടുപ്പ്‌ പൂർത്തിയാക്കി കവാടങ്ങളുടെ നിർമാണ ജോലികൾ നേരത്തേ ആരംഭിച്ചിരുന്നു. 11.2 കിലോമീറ്റർ ആകാശപാതയുടെയും 10 സ്‌റ്റേഷനുകളുടെയും നിർമാണം പൂർത്തിയാക്കാനുള്ള കരാർ നേടിയിരിക്കുന്നത് അഫ്‌കോൺസ്‌ ഇൻഫ്രാസ്‌ട്രക്‌ചർ കമ്പനിയാണ്. നിർമ്മാണം പൂർത്തിയാക്കാൻ 600 ദിവസമാണ് നൽകിയിരിക്കുന്നത്.

കലൂർ സ്‌റ്റേഡിയം സ്‌റ്റേഷനാണ്‌ ‘പിങ്ക്‌ പാത’ എന്നു പേരുള്ള കാക്കനാട്‌ പാതയുടെ ആദ്യ സ്‌റ്റേഷൻ. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്‌, ചെമ്പുമുക്ക്‌, വാഴക്കാല, പടമുകൾ, കാക്കനാട്‌ ജങ്ഷൻ, കൊച്ചിൻ സെസ്‌, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്‌, ഇൻഫോപാർക്ക്‌ എന്നിവയാണ്‌ മറ്റ്‌ സ്‌റ്റേഷനുകൾ. കലൂർ സ്‌റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെയുള്ള നിർമ്മാണത്തിന്‍റെ പൈലിങ് പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ നിർമ്മാണത്തിന്റെ പ്രധാന ഘട്ടത്തിലേക്കാണ് കടന്നിരിക്കുന്നത്.

 

2017ൽ സംസ്ഥാന സർക്കാർ അംഗീകരിച്ച ഇൻഫോപാർക്ക്‌ പാതയ്‌ക്ക്‌ 2022ലാണ്‌ കേന്ദ്ര ക്യാബിനറ്റിന്റെ അനുമതി കിട്ടിയതെന്ന് മന്ത്രി രാജീവ് പറഞ്ഞു. പദ്ധതിക്കുള്ള തുക കേന്ദ്രം വെട്ടിക്കുറച്ചതോടെ വിദേശ വായ്‌പാ ഏജൻസി പിന്മാറിയതിനാൽ നിർമാണം വീണ്ടും വൈകിയെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ നൽകിയിരിക്കുന്നത് 1141.32 കോടിയുടെ കരാറാണ്.

Advertisements
Share news