കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുമായി അന്വേഷകസംഘത്തിന്റെ തെളിവെടുപ്പ് അന്തിമഘട്ടത്തിൽ
കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുമായി അന്വേഷകസംഘത്തിന്റെ തെളിവെടുപ്പ് അന്തിമഘട്ടത്തിൽ. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരെ വ്യാജനമ്പർ പ്ലേറ്റ് തയ്യാറാക്കിയ കൊല്ലത്ത് പള്ളിമുക്കിലെ കടയിൽ തിങ്കളാഴ്‌ച വൈകിട്ട് എത്തിച്ച് തെളിവെടുത്തു.

തുടർന്ന് കുട്ടിയെ ഉപേക്ഷിക്കാനായി കാറിൽ കൊണ്ടുവന്ന ലിങ്ക് റോഡിലും കുട്ടിയെ ഉപേക്ഷിച്ച ആശ്രാമം മൈതാനിയുടെ കിഴക്കുഭാഗത്തും പ്രതികളെ കൊണ്ടുവന്നു. മുഖം മറച്ചിരുന്ന രണ്ടാം പ്രതി അനിതയെ മാത്രമാണ് വാഹനത്തിൽനിന്നു പുറത്തിറക്കിയത്. കുട്ടിയെ കൊണ്ടിരുത്തിയ ബഞ്ചിനു സമീപത്തേക്ക് പ്രതിയെ എത്തിച്ചു. ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കൊണ്ടുവന്ന കുട്ടിയെ എടുത്തുകൊണ്ടാണ് ഇരിപ്പിടത്തിൽ എത്തിച്ചതെന്ന് പ്രതി സമ്മതിച്ചു.

തുടർന്ന് അച്ഛനെ വിളിച്ചുകൊണ്ടുവരാമെന്നു പറഞ്ഞ് കുട്ടിയെ അവിടെ ഇരുത്തിയശേഷം നടപ്പാതയിലൂടെ വടക്കുഭാഗത്തേക്ക് നടന്നെന്നും മറ്റൊരു ഭാഗത്തുകൂടി റോഡിലേക്ക് ഇറങ്ങിയെന്നും പറഞ്ഞു. ഈ വഴിയിലൂടെ പ്രതിയെ നടത്തിച്ചാണ് അന്വേഷകസംഘത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിൽ തെളിവെടുത്തത്. തുടർന്ന് പ്രതികളുമായി അന്വേഷകസംഘം ചിന്നക്കട ബിഷപ് ജറോം നഗറിൽ എത്തി. അവിടെ പ്രതികൾ തങ്ങിയ കടയിലെത്തിച്ചും തെളിവെടുത്തു.

പ്രതികളെ കൊണ്ടുവന്നതറിഞ്ഞ് ആശ്രാമം മൈതാനത്ത് നിരവധിപേർ തടിച്ചുകൂടിയിരുന്നു. ഓയൂരിലെ വീടിനു സമീപത്തുനിന്ന് നവംബർ 27നു തട്ടിക്കൊണ്ടുപോയ കുട്ടിയെ 28നു പകൽ ഒന്നിനാണ് നീലക്കാറിൽ ആശ്രാമം ലിങ്ക്‌റോഡിൽ എത്തിച്ചത്. അവിടെനിന്ന് അനിതകുമാരി ഓട്ടോയിൽ കുട്ടിയെ മൈതാനത്ത് എത്തിച്ച് കടക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്വിഫ്‌റ്റ് ഡിസയർ കാറിൽ ഉപയോഗിച്ച വ്യാജ നമ്പർപ്ലേറ്റ് സംഘടിപ്പിച്ച ആര്യങ്കാവിൽ തിങ്കളാഴ്‌ചയും അന്വേഷകസംഘം പരിശോധനനടത്തി. പ്രതികളുടെ കസ്‌റ്റഡി കാലാവധി വ്യാഴാഴ്‌ച സമാപിക്കും.

