എല്ലാ റേഷൻ കാർഡുകാർക്കും ഇത്തവണ മണ്ണെണ്ണ; മഞ്ഞ കാർഡുകാർക്ക് ഒരുലിറ്റർ വീതം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻകാർഡ് ഉടമകൾക്കും ജൂണിൽ മണ്ണെണ്ണ ലഭിക്കും. വൈദ്യുതീകരിച്ച വീടുള്ള മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്റർ വീതവും പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അരലിറ്ററുമാണ് വിതരണം ചെയ്യുക. വൈദ്യുതീകരിക്കാത്ത വീടുകളിലെ മഞ്ഞ കാർഡുകാർക്ക് ആറുലിറ്റർ മണ്ണെണ്ണ ലഭിക്കും. അഞ്ച് ലക്ഷം ലിറ്റർ മണ്ണെണ്ണ മത്സ്യബന്ധനബോട്ടുകൾക്കായി നീക്കിവെയ്‌ക്കും. ഇത് മത്സ്യഫെഡ് വഴി വിതരണം ചെയ്യും.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മണ്ണെണ്ണ വിഹിതമായി 58.60 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് കേന്ദ്രം അനുവദിച്ചത്. വർഷങ്ങളായി കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കുറച്ചുകൊണ്ടുവരികയായിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നിരവധി തവണ കേന്ദ്രസർക്കാരിന് കത്തു നൽകുകയും മന്ത്രിമാരെ നേരിൽ കാണുകയും ചെയ്‌തിരുന്നു. എണ്ണ കമ്പനികളിൽനിന്ന് മണ്ണെണ്ണ എടുക്കാനും ഈ മാസം അവസാനത്തോടെ റേഷൻകടകളിൽ എത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള ഉത്തരവാദിത്തം താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നൽകും. വിഹിതം പാഴാകാതിരിക്കാനാണിത്.

