KOYILANDY DIARY.COM

The Perfect News Portal

വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൻ്റേത് ബദൽ മാതൃക; മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിൽ സ്വീകാര്യമല്ലാത്തവ ഒഴിവാക്കി വിദ്യാഭ്യാസ മേഖലയിൽ കേരളം ബദൽ മാതൃകയാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുവർഷ ബിരുദത്തിലൂടെ ഒരു വർഷം കൂട്ടാനല്ല, ഘടനയിലും ഉള്ളടക്കത്തിലും പൊളിച്ചെഴുത്താണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. പുതിയൊരു അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമം. 2021–- 22 അധ്യയനവർഷം പഠിച്ചിറങ്ങിയവർക്കുള്ള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

രണ്ടര ലക്ഷം രൂപയിൽ കുറവ് വാർഷിക കുടുംബ വരുമാനമുള്ള 1000 വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകുന്നതാണ് പദ്ധതി. പുസ്തകത്തിലെ അറിവ് ആത്യന്തികമാണെന്ന് കരുതുന്നത് വലിയ അബദ്ധമാണെന്നും അങ്ങനെയുള്ള ചിന്ത വൈജ്ഞാനിക ശൃംഖലയിൽ നമ്മളെ പിന്നിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിരുദത്തിനുശേഷം പഠനം അവസാനിപ്പിക്കുന്ന ചിലരുണ്ട്, അങ്ങനെയാവരുത്. ലോകം ചടുലമായി മാറിക്കൊണ്ടിരിക്കുന്നതിനാൽ അറിവ് നവീകരിക്കണം.

 

കൂടാതെ കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റണം. ഉന്നതവിദ്യാഭ്യാസ രം​ഗത്തെ നേട്ടങ്ങളെ മറച്ചുവച്ച് ഇകഴ്ത്തനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി വസ്തുതയില്ലെങ്കിൽ കൂടി സാങ്കൽപ്പിക കഥകൾ മെനയുന്ന പ്രത്യേക അവസ്ഥയാണ് കേരളത്തിൽ. ഇതൊന്നും കൊണ്ട് വസ്തുതകൾ വസ്തുതകളല്ലാതാകില്ല. ഏഴ് വർ‌ഷത്തിൽ 6000 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി മാറ്റിവച്ചത്.

Advertisements

 

750 കോടിയുടെ പദ്ധതികൾ കൂടി നടപ്പാക്കാൻ ഒരുങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ആർ ബിന്ദു അധ്യക്ഷയായി. വി കെ പ്രശാന്ത് എംഎൽഎ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കെ സുധീർ, അഡീഷണൽ ഡയറക്ടർ ഇൻ ചാർജ് ജെ സുനിൽ ജോൺ എന്നിവർ പങ്കെടുത്തു.

Share news