KOYILANDY DIARY.COM

The Perfect News Portal

അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; മുഖ്യമന്ത്രി

അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ 1 നകം ഇത് യാഥാർത്ഥ്യമാക്കും. മറ്റേതെങ്കിലും സംസ്ഥാനത്തിന് ഇത് പറയാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത് നയങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി രാജാക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുപ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് സർക്കാരിന് ജനങ്ങളോടല്ല താത്പര്യം. സമ്പന്നർ തടിച്ചു കൊഴുത്തുവെന്നും ദരിദ്രർ കൂടുതൽ ദരിദ്രരായി എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കേരളം മറ്റൊരു ദിശയിലാണ് സഞ്ചരിക്കുന്നത്. ദാരിദ്യം ഇല്ലാതാക്കി വരുന്നു. ക്ഷേമ പെൻഷൻ അതിൽ നല്ല ചുവടുവയ്പാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രത്യേക സാഹചര്യം സൃഷ്ടിക്കാൻ ചിലർ ശ്രമിച്ചു. ബിജെപിയെ അധികാരത്തിൽ നിന്നകറ്റി നിർത്താൻ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് പ്രചരിപ്പിച്ചു.

 

ശുദ്ധാത്മകളായ മലയാളികൾ ഇത് വിശ്വസിച്ചു. കഴിഞ്ഞ 5 വർഷത്തെ അനുഭവം ഇക്കുറി പരിഗണിക്കണം. പാർലമെന്റിൽ കേരളത്തിൻ്റെ ശബ്ദം കേട്ടില്ല. രാജ്യത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിലും യുഡിഎഫ് എംപിമാർ മൗനം പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് സത്യദീപത്തിലൂടെ സഭയുടെ നിലപാട് പുറത്തു വന്നു. ഇത് ശരിയായ വിലയിരുത്തലാണ്. മുസ്‌ലിമിനെ മാത്രമല്ല എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്നതാണ്. ഇതിനെ എതിർക്കാൻ ആരിഫ് അടക്കം 6 എം പി മാർ മാത്രമാണ് ഉണ്ടായത്. എവിടെ പോയിരുന്നു നമ്മുടെ പതിനെട്ട് എം പി മാർ എന്നും അദ്ദേഹം ചോദിച്ചു.

Advertisements

 

യുഎപിഎ നിയമ ഭേദഗതി കൊണ്ടു വന്നപ്പോഴും കോൺഗ്രസ് ബി ജെ പി ക്ക് ഒപ്പം ചേർന്നു. കരിനിയമത്തിനെതിരെ നിലപാട് എടുത്തില്ല. തങ്ങൾക്കിഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും ബിജെപി വേട്ടയാടുന്നു. കോൺഗ്രസ് അപ്പോഴും ബി ജെ പി ക്ക് ഒപ്പം നിന്നു. കോൺഗ്രസിതര പാർട്ടികളുടെ നേതാക്കളെ ബി ജെ പി വേട്ടയാടിയപ്പോൾ കോൺഗ്രസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്കൊപ്പം നിന്നു. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്ത് വന്നത് കോൺഗ്രസ് ആണ്.

 

തെറ്റ് ഇനിയെങ്കിലും കോൺഗ്രസ് ഏറ്റ് പറയണം. കോൺഗ്രസിന് ഒരു മാറ്റവുമില്ല. അതു കൊണ്ടാണ് കിഫ്ബിക്കെതിരെ നിലപാട് എടുത്തത് എന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗശല്യം തടയാൻ പാക്കേജ് കേരളം കേന്ദ്രത്തിന് അയച്ചു. നിഷ്കരുണം അത് തള്ളി. മനുഷ്യനാണോ വന്യജീവിക്കാണോ പ്രാധാന്യം. വന്യമൃഗശല്യം തടയുന്നതിന് തടസമായ നിയമം കൊണ്ടുവന്നത് കോൺഗ്രസ് ഭരണകാലത്ത് ആണ്. വന്യമൃഗ അക്രമണം ഉണ്ടാകുമ്പോൾ ജനങ്ങളെ തെറ്റ് ധരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും ജോയ്സ് ജോർജ് എൽ ഡി എഫ് സ്ഥാനാർത്ഥി പ്രസംഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.