ചട്ടലംഘനം ഒഴിവാക്കാന്‍ അസാധാരണ നീക്കവുമായി കേരള സര്‍വകലാശാല വി സി

ചട്ടലംഘനം ഒഴിവാക്കാന്‍ അസാധാരണ നീക്കവുമായി കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍. സെനറ്റ് യോഗത്തിന് മുമ്പ് സ്‌പെഷ്യല്‍ സെനറ്റ് യോഗമാണ് വിസി വിളിച്ചത്. ഒക്ടോബര്‍ നാലിനാണ് സ്‌പെഷ്യല്‍ സെനറ്റ് യോഗം വിളിച്ചത്. നവംബര്‍ ഒന്നിന് വിളിച്ച സെനറ്റ് യോഗം ചട്ടവിരുദ്ധമാകുമെന്ന് മുന്നില്‍ കണ്ടാണ് നീക്കം.

നാലു മാസത്തിലൊരിക്കല്‍ സെനറ്റ് യോഗം ചേരണമെന്നാണ് സര്‍വകലാശാല ചട്ടം. ഗവര്‍ണറെ പങ്കെടുപ്പിക്കാന്‍ ചട്ടം ലംഘിച്ചായിരുന്നു വി.സി നവംബര്‍ ഒന്നിന് യോഗം വിളിച്ചത്. ഇത് മറികടക്കാനാണ് ഇപ്പോള്‍ വി.സിയുടെ അസാധാരണ നീക്കം. ഡിഗ്രി സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കല്‍ മാത്രമാണ് യോഗത്തിലെ അജണ്ട.

ജൂൺ 17നാണ് സെനറ്റ് യോഗം അവസാനം ചേർന്നത്. ഇതനുസരിച്ച് ഒക്ടോബർ 16നുള്ളിലാണ് അടുത്ത സെനറ്റ് ചേരേണ്ടത്. എന്നാൽ ഇത് മറികടന്ന് നവംബർ ഒന്നിന് സെനറ്റ് യോഗം വിളിച്ചു സർവകലാശാല ചട്ടങ്ങൾ കാറ്റില്‍ പറത്തിയിരിക്കുകയാണ് വിസി.

