കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിൽ കേരളം ഒന്നാമത്; എം ബി രാജേഷ്

കോഴിക്കോട്: ലഹരി മാഫിയയെ പിടിച്ചു കെട്ടാൻ സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തിയതിനാലാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശിക്ഷാനിരക്കുള്ള സംസ്ഥാനമായി കേരളം മാറിയതെന്ന് മന്ത്രി എം ബി രാജേഷ്. കുന്നമംഗലം എക്സൈസ് റെയിഞ്ച് ഓഫീസിന്റെ പുതിയ കെട്ടിട നിർമാണ ശിലാസ്ഥാപനം വെസ്റ്റ് ചാത്തമംഗലത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

98 ശതമാനമാണ് കേരളത്തിലെ ശിക്ഷാനിരക്ക്. ഏറ്റവും ഉയർന്ന ലഹരി ഉപയോഗമുള്ള സംസ്ഥാനങ്ങളിൽ ഇത് 25 ശതമാനം മാത്രമാണ്. ലഹരി ഉപയോഗത്തിൽ അകപ്പെട്ടുപോകുന്ന പുതുതലമുറയെ അതിൽനിന്ന് മോചിപ്പിച്ച് കൈപിടിച്ചുയർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ലഹരി വിരുദ്ധ ബോധവൽക്കരണവും അതോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങളും എക്സൈസ് വകുപ്പിന്റെ മാത്രം ചുമതലയായി കാണരുതെന്നും സമൂഹം ഒന്നടങ്കം ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമാവണമെന്നും മന്ത്രി പറഞ്ഞു. പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി.

കെട്ടിട നിർമ്മാണത്തിനായി ബജറ്റ് തുകയില്‍ നിന്നും 1.5 കോടി രൂപയാണ് വകയിരുത്തിയത്. പുതിയ എക്സൈസ് റേഞ്ച് ഓഫീസ് വരുന്നതോടു കൂടി വകുപ്പിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള സൗകര്യങ്ങള്‍ വര്‍ധിക്കും. ചെത്തുകടവ് പാലത്തിനടുത്ത് നിലവിലുള്ള റവന്യൂ ഭൂമിയിൽ ലഭ്യമാക്കിയ 10 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 433 ചതുരശ്രമീറ്റർ വിസ്തൃതിയിൽ രണ്ട് നിലകളും സ്റ്റെയർ റൂമുകളും അടങ്ങിയ കെട്ടിടത്തിൽ താഴത്തെ നിലയിൽ വിശാലമായ പാർക്കിങ് സൗകര്യവും ഡൈനിങ് ഹാൾ സൗകര്യവും ഒന്നാം നിലയിൽ ഓഫീസ് സൗകര്യവും ഉൾപ്പെടുത്തിയാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുളളത്.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൾ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി ശിവദാസൻ നായർ, പഞ്ചായത്തംഗം എം കെ അജീഷ്, അസി. പൊലീസ് കമീഷണർ എ ഉമേഷ്, അസി. എക്സൈസ് കമ്മീഷണർമാരായ സി ശരത്ബാബു, ആർ എൻ ബൈജു, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ടി സജുകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എഞ്ചിനീയർ എൻ ശ്രീജയൻ പദ്ധതി നിർമ്മാണ വിശദീകരണം നടത്തി. എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് സ്വാഗതവും ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മിഷണർ കെ എസ് ഷാജി നന്ദിയും പറഞ്ഞു.

