വയനാട് ദുരന്തത്തില്‍ കേരളം ഒറ്റക്കെട്ടായി രംഗത്തെത്തി; എം വി ഗോവിന്ദന്‍
        വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളം ഒറ്റക്കെട്ടായി രംഗത്തെത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ വിഭാഗങ്ങളും അവരുടേതായ കഴിവുകളെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഫലപ്രദവും ഏകോപിതവുമായി ഇടപെടുന്നുണ്ടന്നും സര്‍ക്കാര്‍ ഇടപെടലില്‍ എല്ലാവര്‍ക്കും മതിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വലിയ സാമ്പത്തിക ആവശ്യമുണ്ട്. അതിനായി എല്ലാ പാര്‍ട്ടി ഘടകങ്ങളും സംഭവാന നല്‍കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തൃപുരയിലെയും തമിഴ്‌നാട്ടിലെയും പാര്‍ട്ടി ഘടകം 10 ലക്ഷം സിഎംഡിആര്‍എഫിലേക്ക് നല്‍കി. തമിഴ്‌നാടും സംഭാവന നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനുള്ള ക്യാമ്പയില്‍ ഓഗസ്റ്റ് 10, 11 തീയതികളില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ തുറന്നടിച്ചു. ദുരന്തമുണ്ടായിടത്ത് ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പ്രവചനത്തേക്കാള്‍ വലിയ മഴയാണ് പെയ്തത്. ദുരന്തമുണ്ടാകുന്നതിന് മുന്‍പ് അവിടെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



                        
