KOYILANDY DIARY

The Perfect News Portal

കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം പൂക്കാട് കലാലയത്തിൽ

കൊയിലാണ്ടി: കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവം പൂക്കാട് കലാലയത്തിൽ. മലയാള അമേച്വർ നാടകവേദിയുടെ ചരിത്രപരമായ കുതിപ്പിനൊപ്പം സഞ്ചരിച്ചുകൊണ്ട്, കേരള സംഗീത നാടക അക്കാദമി നടത്തുന്ന അമേച്വർ നാടക നിർമ്മാണ പദ്ധതിയുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ ഒക്ടോബർ 4 മുതൽ 7 വരെ അമേച്വർ നാടകോത്സവം നടക്കുകയാണ്. ഒക്ടോബർ നാലിന് വൈകീട്ട് 5 30ന് ബഹുമാനപ്പെട്ട കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നാടകോൽസവം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഡോ. കെ. ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മലബാറിലെ നാടക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായ പൂക്കാട് കലാലയത്തിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളിലെ രണ്ടാമത്തെ പരിപാടി കൂടിയാണ് നാടകോത്സവം. നാല് ദിവസങ്ങളിലായി വൈകീട്ട് 6. 30ന് വ്യത്യസ്തങ്ങളായ നാല് രംഗാവതരണങ്ങൾ അരങ്ങിൽ എത്തും. അക്കാദമി സെക്രട്ടറി ശ്രീ കരിവെള്ളൂർ മുരളി, നിർവാഹക സമിതി അംഗം വി. ടി മുരളി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വിൽസൺ സാമുവൽ, ശിവദാസ് ചേമഞ്ചേരി, യു.കെ. രാഘവൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
Advertisements
ആദ്യദിനത്തിൽ മലയാള നാടക ചരിത്രത്തിൻ്റെ നാൾവഴികളും മുഹൂർത്തങ്ങളും അടയാളപ്പെടുത്തിയ നാടക ചരിത്ര പ്രദർശനം കാലത്ത് 10 മണിയ്ക്ക് നാടകോത്സവ നഗരിയിൽ ആരംഭിക്കും. പ്രദർശനം നാലുനാൾ നീണ്ടുനിൽക്കും. വൈകിട്ട് 6. 30ന് സുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും ചെയ്ത പൂക്കാട് കലാലയത്തിന്റെ ‘ചിമ്മാനം’ നാടകം അവതരിപ്പിക്കും. രണ്ടാം ദിവസമായ ഒക്ടോബർ 5ന് കാലത്ത് പത്തുമണി മുതൽ  ഗോപിനാഥ് കോഴിക്കോട് നേതൃത്വം നൽകുന്ന ഏകദിന നാടക ശില്പശാല നടക്കും. 6. 30ന് സഞ്ജു മാധവ് രചനയും ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനവും നിർവഹിച്ച ‘അകലെ അകലെ മോസ്കോ  ‘എന്ന നാടകം അരങ്ങേറും.
 ഒക്ടോബർ ആറിന് വൈകിട്ട് 5 .30ന് വി.ടി. മുരളി, പ്രേംകുമാർ വടകര, പാലത്ത് കോയ    ,സുനിൽ തിരുവങ്ങൂർ എന്നിവർ പങ്കെടുക്കുന്ന നാടകഗാന സദസ്സ് നടക്കും. തുടർന്ന് വിനോദ് രചനയും സംവിധാനവും നടത്തിയ നാടക സൗഹൃദം തൃശൂരിന്റെ ‘സ്വൈരിത പ്രയാണം’  എന്ന നാടകം അരങ്ങിലെത്തും. അവസാന ദിനമായ ഒക്ടോബർ ഏഴിന് വൈകിട്ട് 5 മണിക്ക് നാടകരംഗത്തെ 23  കലാകാരന്മാരെ വേദിയിൽവെച്ച് ആദരിക്കും. തുടർന്ന് 06.30 ന് ഡോ .സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിർവഹിച്ച ‘പ്ലാംയ ല്യൂബ്യോയ് ‘ എന്ന നാടകം  അരങ്ങിലെത്തും. സുനിൽ തിരുവങ്ങൂർ, യു കെ രാഘവൻ, ശിവദാസ് കാരോളി, കാശി പൂക്കാട് സുരേഷ് ഉണ്ണി, വിനീത് പൊന്നാടത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു