രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കുള്ള സംസ്ഥാനമായി വീണ്ടും കേരളം

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന സാക്ഷരതാനിരക്കുള്ള വലിയ സംസ്ഥാനമായി വീണ്ടും കേരളം. നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട് പ്രകാരം അഞ്ചുവയസ്സിന് മുകളിലും ഏഴ് വയസ്സിന് മുകളിലും പ്രായമുള്ളവരിൽ ഏറ്റവുമധികം സാക്ഷരരുള്ളത് കേരളത്തില്‍. ഏഴ് വയസ്സിന് മുകളിലുള്ള 95.3 ശതമാനവും സാക്ഷരര്‍. അഞ്ചുവയസ്സിൽ കൂടുതലുള്ളവരുടെ സാക്ഷരത 93.4 ശതമാനം. ദേശീയ ശരാശരി യഥാക്രമം 80.9 ശതമാനവും, 79.7 ശതമാനവും. ലിംഗ അസമത്വം, ഗ്രാമ – നഗര അസമത്വം എന്നിവ ഏറ്റവും കുറഞ്ഞ വലിയ സംസ്ഥാനവും കേരളമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചെറിയ സംസ്ഥാനമായ മിസോറമിലും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലും മാത്രമാണ് കേരളത്തേക്കാൾ സാക്ഷരതയുള്ളത്. ബിഹാറും മധ്യപ്രദേശുമാണ് ഏറ്റവും പിന്നിൽ. ലിംഗ അസമത്വം ദേശീയതലത്തിൽ 12.6 ശതമാനമാണ്. ഏറ്റവും രൂക്ഷം രാജസ്ഥാനിലാണ്- 20.1 ശതമാനം. ലിംഗ അസമത്വം ഏറ്റവും കുറവ് കേരളത്തിലാണ്- കേവലം 2.7 ശതമാനം. ഗ്രാമ – നഗര അസമത്വം കുറവുള്ള വലിയ സംസ്ഥാനമെന്ന പദവിയും കേരളത്തിനുതന്നെ- 2.2 ശതമാനം മാത്രം.

