KOYILANDY DIARY

The Perfect News Portal

കേരളത്തിന്‌ പ്രത്യേക പാക്കേജ്‌ വേണം; കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി കെ എൻ ബാലഗോപാൽ

ന്യൂഡൽഹി: കേരളത്തിന്‌ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമനോട്‌ ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ പുതിയ സർക്കാർ അധികാരമേറ്റശേഷം കേന്ദ്രധനമന്ത്രിയുമായുള്ള ആദ്യകൂടിക്കാഴ്‌ചയില്‍ കേരളത്തിന്റെ ആവശ്യങ്ങൾ ആവർത്തിച്ച് കത്തുനല്‍കിയെന്നും ബാലഗോപാൽ മാധ്യമങ്ങളോട് പറ‍ഞ്ഞു.

കിഫ്‌ബിയും പെൻഷൻ കമ്പനിയും എടുത്ത കടത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധി കുറച്ചത്‌ ഓരോ സാമ്പത്തിക വർഷത്തിലും 4710 കോടിയുടെ നഷ്‌ടമാണ്‌ ഖജനാവിനുണ്ടാക്കുന്നത്‌. കടമെടുപ്പ്‌ പരിധി കുറച്ച തീരുമാനം പിൻവലിക്കണം. ദേശീയപാത വികസനത്തിനായി കേരളം നൽകിയ 25 ശതമാനം പദ്ധതി തുക സംസ്ഥാനത്തിന്‌ അനുവദിക്കണം.

 

24000 കോടിയുടെ പ്രത്യേക പാക്കേജ്‌ വേണം, വിഴിഞ്ഞം തുറമുഖത്തിന്‌ അയ്യായിരം കോടിയുടെ അടിയന്തര സഹായം, ധനകാര്യ കമീഷൻ ശുപാർശയനുസരിച്ചുള്ള കേന്ദ്രവിഹിതവും മറ്റ്‌ പദ്ധതികൾക്കുള്ള തുകയും ഉടൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാനത്തിന്റെ തനത്‌ വരുമാനം വർധിപ്പിച്ച്‌ കടം ക്രമാതീതമായി കുറച്ചതും കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്രസർക്കാരാണ്‌ ഇനി തീരുമാനമെടുക്കേണ്ടതെന്നും ബാലഗോപാൽ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

Advertisements