‘കേരളത്തിന് എയിംസ് വേണം’; രാജ്യസഭയിൽ സ്വകാര്യ പ്രമേയം അവതരിപ്പിക്കാൻ ഡോ. ജോൺ ബ്രിട്ടാസ് എംപി
.
കേരളത്തിന് അടിയന്തരമായി എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ സ്വകാര്യ പ്രമേയം അവതരിപ്പിക്കാൻ സിപിഐഎം രാജ്യസഭ നേതാവ് ഡോ. ജോൺ ബ്രിട്ടാസ് എംപി. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയിൽ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 22 എയിംസ് സ്ഥാപിച്ചെങ്കിലും ആരോഗ്യമേഖലയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് ഇതുവരെ എയിംസ് നൽകിയിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

ആരോഗ്യ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കേരളത്തിന് ഇതുവരെ എയിംസ് അനുവദിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി രാജ്യസഭയുടെ 265-ാം സെഷനിൽ കേരളത്തിന് എയിംസ് അനുവദിക്കുന്നത് പരിഗണനയിൽ ഉണ്ടെന്ന് പറഞ്ഞതും ജോൺ ബ്രിട്ടാസ് എംപി അവതരിപ്പിക്കുന്ന പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്.

എയിംസ് സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള കോഴിക്കോട് ജില്ലയിലെ കിനാലൂരിനെ എയിംസിനായി ഏക നിർദ്ദിഷ്ട സ്ഥലമായി കേരള സർക്കാർ ഇതിനകം കണ്ടെത്തിയിട്ടുണ്ട്, കൂടാതെ തിരഞ്ഞെടുത്ത സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിന് അനുമതി തേടി കേന്ദ്ര സർക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. കിനാലൂരിൽ എയിംസ് സ്ഥാപിക്കാൻ അനുമതി നൽകണമെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനവുമായി ഉടൻ തന്നെ ധാരണ പത്രത്തിൽ ഒപ്പുവെക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.




