KOYILANDY DIARY.COM

The Perfect News Portal

കേരളം അവസരങ്ങളുടെയും പുരോഗതിയുടെയും നാട് മുഖ്യമന്ത്രി

കൊച്ചി: കേരളം അവസരങ്ങളുടെയും പുരോഗതിയുടെയും നാടെന്ന് മുഖ്യമന്ത്രി.  ഇരുപത്തഞ്ചുവർഷത്തിനുള്ളിൽ വികസിതരാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിൻറെ കരുത്തുകൾ ഉപയോ​ഗപ്പെടുത്തി കേരളത്തെ വിജ്ഞാന സമ്പദ്-വ്യവസ്ഥയിലേക്ക്‌ ഉയർത്തുന്നതോടൊപ്പം നൂതനസമൂഹവുമാക്കിമാറ്റി ഈ നേട്ടം കൈവരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഫിക്കിയും കെഎസ്ഐഡിസിയും ചേർന്ന് സംഘടിപ്പിച്ച കേരള വികസന സമ്മേളനത്തിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയർന്ന സാക്ഷരതാനിരക്ക്, ഉന്നത ജീവിതനിലവാരം, മികച്ച ക്രമസമാധാനം എന്നിവ കേരളത്തെ മികച്ച നിക്ഷേപസംസ്ഥാനമാക്കുന്നു. കണക്ടിവിറ്റി ഹബായ കേരളത്തിൽ ഉന്നതനിലവാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇ–​ഗവേണൻസിലൂടെ എല്ലാ സർക്കാർ സേവനങ്ങളും പദ്ധതികളും ഓൺലൈനായി ലഭ്യമാണ്.

 

ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം എന്നതാണ് സർക്കാർനയം. കേരളത്തിൻറെ ഭാവി വാർത്തെടുക്കുന്നതിന് 22 മേഖലകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. സുസ്ഥിരവികസനത്തിനായി നിക്ഷേപസൗഹൃദ നയങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായസൗഹൃദ നടപടികളുടെ ഭാഗമായി ഒട്ടേറെ ചട്ടങ്ങളിൽ ഇളവുകൾ വരുത്തി സംസ്ഥാനത്തിൻറെ വ്യാവസായിക അന്തരീക്ഷംതന്നെ മാറ്റിയെടുത്തു. വ്യവസായങ്ങൾക്കുള്ള അനുമതികൾ വേ​ഗത്തിൽ ലഭ്യമാക്കാൻ കൊണ്ടുവന്ന കെ–സ്വിഫ്റ്റ് എന്ന നൂതന പ്ലാറ്റ്ഫോമിനെ ദേശീയ ഏകജാലകസംവിധാനവുമായി ബന്ധിപ്പിക്കാൻ പ്രവർത്തനങ്ങൾ നടക്കുകയാണ്.

Advertisements

 

2027ഓടെ 4.0 വ്യവസായമുന്നേറ്റത്തിന് സജ്ജമായ സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ വളർച്ചയ്ക്ക് കൂടുതൽ വൈവിധ്യവൽക്കരണവും  പുത്തൻ വിപണന തന്ത്രങ്ങളും വേണമെന്ന പ്രഖ്യാപനത്തോടെയാണ്‌ സമ്മേളനം  സമാപിച്ചത്‌. സമാപന സമ്മേളനത്തിൽ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ മുഖ്യാതിഥിയായി. സമ്മേളനത്തിലെ ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള വികസന നിർദ്ദേശങ്ങൾ “കൊച്ചി പ്രഖ്യാപനം” എന്ന പേരിൽ ഗവർണർ പ്രകാശനം ചെയ്തു.

 

ഫിക്കി എക്സലൻസ് അവാർഡുകൾ കാരിത്താസ് (ആശുപത്രി), അമാൽഗം (മത്സ്യോൽപന്ന കയറ്റുമതി), പി കെ സ്റ്റീൽ കാസ്റ്റിങ്‌ ( ഉൽപാദന മേഖല), ഇസാഫ് (ബാങ്ക്), കെഎംഎംഎൽ (പൊതുമേഖല) എന്നിവ ഏറ്റുവാങ്ങി. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ  ചെയർമാൻ ഡോ. എം ഐ സഹദുള്ള, കോ ചെയർ വി പി നന്ദകുമാർ, ഇൻകം ടാക്സ് അഡീഷണൽ കമീഷണർ ജ്യോതിസ് മോഹൻ, റൂറൽ ഡെവലപ്‌മെൻറ് കമീഷണർ എം ജി രാജമാണിക്യം, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഫിക്കി മുൻ ചെയർമാൻ ദീപക് അസ്വാനി എന്നിവരും സംസാരിച്ചു.

Share news