എന്തൊക്കെ കുറ്റം പറഞ്ഞാലും കേരളം സ്വർഗമാണ്; എം മുകുന്ദൻ

കൊല്ലം: എന്തൊക്കെ കുറ്റം പറഞ്ഞാലും കേരളം സ്വർഗമാണെന്ന് എം മുകുന്ദൻ പറഞ്ഞു. കാവനാട് കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ എ പി കളയ്ക്കാട് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരുകൾ കടന്ന് സഞ്ചരിച്ചാലാണ് എന്താണ് കേരളമെന്ന് മനസ്സിലാകുക. വിമർശനങ്ങളൊക്കെ വേണം. എന്നാൽ, നാം ജീവിക്കുന്ന തരത്തിലുള്ള ഒരു ജീവിതം ഇന്ത്യയിൽ മറ്റെവിടെയെങ്കിലും ജീവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഇവിടെ ഏത് മതക്കാർക്കും ജാതിക്കാർക്കും ഒരുമിച്ചിരിക്കാം. ഏത് കടയിലും ഒന്നിച്ചിരുന്ന് ചായകുടിക്കാം. ബസിൽ ഒന്നിച്ചിരുന്നു യാത്ര ചെയ്യാം. ഇതൊന്നും ഇന്ന് ഉത്തരേന്ത്യയിലെ പലയിടങ്ങളിലും സാധ്യമല്ല. ജാതിയും മതവും അത്രയധികം അവിടെ വേരൂന്നിക്കഴിഞ്ഞിരിക്കുന്നു –-അദ്ദേഹം പറഞ്ഞു.

