KOYILANDY DIARY.COM

The Perfect News Portal

നഴ്‌സിങ് മേഖലയിലും കേരളത്തെ അവഗണിക്കുന്നു: മുഖ്യമന്ത്രി

പേരൂർക്കട: കേന്ദ്ര സർക്കാർ അനുവദിച്ച 157 നഴ്സിങ്‌ കോളേജുകളിൽ കേരളത്തിന് ഒരെണ്ണം പോലും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച നഴ്സിങ് നിലവാരമുള്ള കേരളത്തെ പൂർണമായും അവഗണിക്കുകയായിരുന്നു. ശ്രീരാമകൃഷ്ണ ആശ്രമ ചാരിറ്റബിൾ ആശുപത്രി നെട്ടയത്ത് ആരംഭിച്ച ശ്രീ ശാരദ കോളേജ് ഓഫ് നഴ്സിങ്ങിന്റെ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സർക്കാർ നഴ്സുമാർക്ക് മികച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ട്‌. സ്വകാര്യ മേഖലയിലടക്കം മിനിമം വേതനം ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ നോർക്ക വഴി നേരിട്ട് റിക്രൂട്ട്‌മെന്റ്‌ അടക്കമുള്ള സഹായം നൽകാനും സർക്കാർ ഇടപെടുന്നു. ഏത് മാനദണ്ഡം നോക്കിയാലും എയിംസിന് കേരളത്തിന്‌ അർഹതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീരാമകൃഷ്ണമഠം മിഷൻ പ്രസിഡണ്ട് സ്വാമി ഗൗതമാനന്ദ മഹാരാജ് അധ്യക്ഷനായി.

 

Share news