തിരുവനന്തപുരം: ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്ന് വിദഗ്ധർ. കേരളീയത്തിനോട് അനുബന്ധിച്ച് ഭക്ഷ്യഭദ്രത എന്ന വിഷയത്തിൽ ടാഗോർ തിയറ്ററിൽ നടന്ന സെമിനാറിലാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഭക്ഷ്യഭദ്രത കൈവരിച്ചു കഴിഞ്ഞ കേരളത്തിൻറെ അടുത്ത ലക്ഷ്യം പോഷക ഭദ്രതയാണ്. ‘വിശപ്പ് രഹിത കേരളം’ എന്നതിൽനിന്നും ‘പോഷക വൈകല്യരഹിത സംസ്ഥാനം’ എന്നതിലേക്ക് നാം എത്തണം.
പൊതുവിതരണ സംവിധാനത്തിൽ മില്ലറ്റും പയർവർഗങ്ങളും കൂടുതലാക്കണം. പോഷക സമൃദ്ധമായ നാടൻ ഭക്ഷണം പ്രോത്സാഹിപ്പിക്കണം തുടങ്ങി നിരവധി ആശയങ്ങൾ സെമിനാർ മുന്നോട്ടുവച്ചു. സുസ്ഥിര സംവിധാനങ്ങളിലൂടെ സാർവത്രിക ഭക്ഷ്യഭദ്രത കൈവരിക്കാമെന്ന ആശയം ഡോ. എം എസ് സ്വാമിനാഥൻറെ ശിഷ്യനായ എംപിഎ-ഡിപി കൊളംബിയ സർവകലാശാല ഡയറക്ടർ ഡോ.ഗ്ലെൻ ഡെനിങ് അവതരിപ്പിച്ചു.
പോഷക അനിവാര്യതയെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണെന്ന് എം എസ് സ്വാമിനാഥൻറെ മകളും ബംഗളൂരു ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥൻ പറഞ്ഞു. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.
ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധി കെ വി തോമസ്, തമിഴ്നാട് എംഎൽഎ ഏഴിലരസൻ, തമിഴ്നാട് ആസൂത്രണ ബോർഡ് കമീഷൻ വൈസ് ചെയർമാൻ ജെ ജയരഞ്ജൻ, എം മെഹബൂബ്, നീതു ശർമ്മ, ആർ വി ഭവാനി, കെ വി മോഹൻകുമാർ എന്നിവരും പാനലിസ്റ്റുകളായിരുന്നു. ആസൂത്രണ ബോർഡ് അംഗം ഡോ. കെ രവിരാമൻ മോഡറേറ്ററായി. സപ്ലൈകോ സിഎംഡി ശ്രീറാം വെങ്കിട്ടരാമൻ വിഷയം അവതരിപ്പിച്ചു.