എല്ലാ സീസണിലും ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമാണ് കേരളം; പുതിയ ആശയം ‘വർക്ക് ഫ്രം കേരള’: മന്ത്രി പി രാജീവ്

എല്ലാ സീസണിലും ജോലി ചെയ്യാൻ കഴിയുന്ന സ്ഥലമാണ് കേരളമെന്നും കേരളത്തിൽ നിന്ന് ജോലി ചെയ്യാനുള്ള ‘വർക്ക് ഫ്രം കേരള’ എന്ന ആശയമാണ് ഇനി മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്പസ് വ്യവസായ പാർക്ക് പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ പ്രശ്നങ്ങളെ തരണം ചെയ്താണ് ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയത്. ഭൂമിയാണ് പ്രധാന പ്രശ്നമായിരുന്നത്. വ്യവസായ എസ്റ്റേറ്റ് നൽകിയ ഭൂമിയിൽ വലിയ പ്രശ്നം നേരിട്ടു. ഈ സങ്കീർണതകൾ ഒക്കെ പരിഹരിച്ചു.

സ്വകാര്യ വ്യവസായ പാർക്കുകൾ രൂപീകരിക്കുക എന്നതും ഉടൻ തന്നെ സാക്ഷാത്കരിക്കും. 27 പാർക്കുകൾക്ക് അംഗീകാരം ലഭിച്ചു. 2 എണ്ണം ഉത്ഘാടനം നടത്തി. മറ്റുള്ളവയുടെ പ്രവൃത്തികൾ നടന്നുവരുന്നു. വിദഗ്ധ തൊഴിലുകളിൽ കേരളത്തിലുള്ളവർക്ക് സംവരണം വേണ്ട. മത്സരിച്ച് ജോലി നേടാൻ ഇവിടെയുള്ളവർക്ക് കഴിയും. ക്യാമ്പസുകളെല്ലാം നല്ല മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. കുട്ടികൾക്കും ആത്മവിശ്വാസം കൂടുതലാണ്. മാറുന്നത് ഉൾകൊള്ളാൻ കഴിയുന്ന സിലബസ് ഉണ്ടാകണം. ക്രിയാത്മകമായാണ് ഉന്നത വിദ്യാഭ്യാസ രംഗം മുന്നോട്ട് പോകുന്നത്.

നിലവിൽ 27 ക്യാമ്പസ് വ്യവസായ പാർക്കുകൾ തുറക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. 80 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പരിശോധന നടത്തി അതിൽ തീരുമാനം എടുക്കും. 25 എണ്ണത്തിന് ഈ വർഷം തന്നെ അനുമതി കൊടുക്കും. കേരളത്തിലെ വ്യവസായ, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ ചരിത്രപരമായ മാറ്റം ആയിരിക്കും പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

