KOYILANDY DIARY.COM

The Perfect News Portal

കേരളത്തെ വീണ്ടും കയ്യൊ‍ഴിഞ്ഞു; വന്യജീവി സംരക്ഷണ നിയമം പരിഷ്ക്കരിക്കാൻ ഒരാലോചനയുമില്ലെന്ന് കേന്ദ്രം

വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്‍റെ ആവശ്യങ്ങളോട് കേന്ദ്രം അവഗണന തുടരുന്നു. വന്യ ജീവി സംരക്ഷണ നിയമം പരിഷ്ക്കരിക്കാൻ ഒരാലോചനയുമില്ലെന്ന് കേന്ദ്ര വനം വകുപ്പ് അറിയിച്ചു. വന്യജീവി സംരക്ഷണവും നിയന്ത്രണവും സംസ്ഥാന വിഷയമെന്നും കേന്ദ്രം പറഞ്ഞു. 1972ലെ വനം വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കാന്‍ ആലോചനയില്ലെന്നും വന്യജീവി ആക്രമണം തടയാന്‍ ധനസഹായം നല്‍കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്‍റെ മറുപടി.

ദിവസങ്ങൾക്ക് മുമ്പ് കേരളത്തിന് വന്യജീവി ആക്രമണം തടയുന്നതിന് ആവശ്യപ്പെട്ട തുക അനുവദിക്കാൻ സാങ്കേതിക പ്രശ്നമുണ്ടെന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു. കേരളം സമർപ്പിച്ച 620 കോടി രൂപയുടെ പ്രത്യേക പാക്കേജ് സംബന്ധിച്ച് വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. കേരളം ആവശ്യപ്പെട്ട തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നൽകിയ കത്തിന് ആണ് വകുപ്പ് മന്ത്രി വ്യക്തമായ ഉത്തരം നൽകാതിരുന്നത്.

 

വന്യജീവി ആക്രമണം തടയുന്നത് സംബന്ധിച്ച് കേന്ദ്രം പണം അനുവദിക്കുന്നത് സമർപ്പിക്കുന്ന വാർഷിക പദ്ധതിയുടെ അടിസ്ഥാനത്തിലാണ്. അതുപോലെ വന്യജീവി സംഘർഷത്തിൽ കേരളത്തിൻറെ ആവശ്യങ്ങൾ കേന്ദ്രം തള്ളിയിരുന്നു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാൻ ആവില്ലെന്ന് കേന്ദ്രം അറിയിച്ചു. കൃഷി നശിപ്പിക്കുന്ന കുരങ്ങന്മാരെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വിഷയവുമായി ബന്ധപ്പെട്ട് എഎ റഹീം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

Advertisements

 

രാജ്യത്ത് വന്യജീവി അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യില്ലെന്ന നിലപാടിലുറച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ എഎ റഹീം എംപി ഉന്നയിച്ച ചോദ്യത്തിലെ മറുപടിയിലാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനെ തുടർന്ന് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുള്ള കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ മന്ത്രി എ കെ ശശീന്ദ്രൻ അപലപിച്ചിരുന്നു.

Share news