റെഡ് ബുക്സ് ഡേ ആചരിച്ച് കേരളം

തിരുവനന്തപുരം: വൈവിധ്യമാർന്ന പരിപാടികളോടെ റെഡ് ബുക്സ് ഡേ ആചരിച്ച് കേരളം. ഇ എം എസിന്റെ “ലെനിനിസവും ഇന്ത്യൻ വിപ്ലവത്തിന്റെ കാഴ്ചപ്പാടും’ പുസ്തകം സംസ്ഥാനത്തെ 40,000 കേന്ദ്രങ്ങളിൽ വായിച്ചു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതിന്റെ വാർഷികദിനമാണ് “റെഡ് ബുക്സ് ഡേ’യായി ആചരിക്കുന്നത്. ചിന്ത പബ്ലിഷേഴ്സ് സംഘടിപ്പിച്ച റെഡ് ബുക്സ് ഡേ ചിന്ത പബ്ലിഷേഴ്സ് അങ്കണത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസമേഖലയിൽ സ്വകാര്യനിക്ഷേപം വരുമ്പോൾ സുതാര്യതയും തുല്യതയും ഉണ്ടാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുഇടമായി അവയെ നിലനിർത്താനാകണം. രാജ്യത്ത് കേരളത്തിൽ മാത്രമാണ് എയ്ഡഡ് സ്കൂളുകളും കോളേജുകളും ഉള്ളത്. വിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഇടപെടാൻ സർക്കാരിനും പാർടിക്കും കഴിയും. വിദേശ സർവകലാശാലയെ സംബന്ധിച്ചും വിദ്യാഭ്യാസമേഖലയിലുണ്ടാകുന്ന മൂലധന ശക്തികളുടെ ഇടപെടൽ സംബന്ധിച്ചും നല്ല ധാരണയോടുകൂടി മുന്നോട്ടുപോകേണ്ടതുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

