KOYILANDY DIARY.COM

The Perfect News Portal

കേരളവും മലയാളികളും ഫുട്ബോള്‍ ഇഷ്‌ടപ്പെടുന്നവരാണ്: മുഖ്യമന്ത്രി

കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശത്തെ സ്വീകരിച്ച ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുള്ളാവൂരില്‍ ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസി, നെയ്‌മര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകളെ പ്രശംസിച്ചുള്ള ഫിഫയുടെ ട്വീറ്റിനുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. എന്നും കേരളവും മലയാളികളും ഫുട്ബോള്‍ ഇഷ്‌ടപ്പെടുന്നവരാണ്. ഖത്തര്‍ ലോകകപ്പിന്‍റെ ആവേശം കേരളത്തിലെ എല്ലായിടങ്ങളിലും കാണാം. താരതമ്യങ്ങളില്ലാത്ത കേരളത്തിന്‍റെ ഫുട്ബോള്‍ ആവേശത്തെ അനുമോദിച്ച ഫിഫയ്ക്ക് നന്ദി എന്നാണ് പിണറായിയുടെ ട്വീറ്റ്.

ഫിഫയുടെ ട്വീറ്റ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാക്കിയിരുന്നു. ‘കേരളത്തിന് ഫുട്ബോള്‍ ജ്വരം, നെയ്‌മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുഴയില്‍ ഉയര്‍ന്നപ്പോള്‍’ എന്ന തലക്കെട്ടോടെയാണ് പുള്ളാവൂരിലെ ആരാധകരുടെ ആവേശം ഫിഫ ഇന്ന് ട്വീറ്റ് ചെയ്തത്. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയിലാണ് ഇതിഹാസങ്ങളായ നെയ്‌മറുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലിയോണല്‍ മെസിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഉയര്‍ന്നത്. മൂന്ന് താരങ്ങളുടെയും ആരാധകര്‍ വാശിയോടെ ഇവിടെ കട്ടൗട്ടുകള്‍ സ്ഥാപിക്കുകയായിരുന്നു.

Share news