സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിന് കാസർഗോഡ് സ്വദേശിക്ക് 74,500 രൂപ പിഴ
കാസർഗോഡ്: സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്തതിന് കാസർഗോഡ് സ്വദേശിക്ക് 74,500 രൂപ പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. ബദിയടുക്ക സ്വദേശി അബൂബക്കറിനാണ് പിഴ ചുമത്തിയത്. 149 തവണയാണ് ഇദ്ദേഹം സീറ്റ് ബെൽറ്റ് ഇടാതെ എഐ ക്യാമറയ്ക്ക് മുൻപിലൂടെ യാത്ര ചെയ്തത്.

അബൂബക്കറിന്റെ മകളുടെ പേരിലുള്ളതാണ് വാഹനം. വീടിന് 500 മീറ്റർ അപ്പുറത്തുള്ള മരമില്ലിലേക്കും തിരിച്ചുമുള്ള യാത്രയിലാണ് പലപ്പോഴും അബൂബക്കർ എഐ ക്യാമറയിൽ കുടുങ്ങിയത്. ദിവസവും പല തവണയായി വീട്ടിലേക്കും മില്ലിലേക്കും മാറി മാറി പോകാറുണ്ടെന്നും എഐ ക്യാമറ വന്നതൊന്നും തനിക്ക് അറിയില്ലെന്നുമാണ് അബൂബക്കർ പറയുന്നത്.


‘തന്നോട് ആരും ഇതിനെ കുറിച്ചൊന്നും പറഞ്ഞ് തന്നിട്ടില്ല, അതുകൊണ്ട് തന്നെ സീറ്റ് ബെൽറ്റും ഇടാറില്ല’, അബൂബക്കർ പ്രതികരിച്ചു. പിഴ ഒടുക്കുമോയെന്ന ചോദ്യത്തിന് ഇത്രയും തുക അടയ്ക്കാനുള്ള നിവൃത്തി തനിക്ക് ഇല്ലെന്ന് മറുപടി. എന്തായാലും മോട്ടോർവാഹന വകുപ്പ് എന്തെങ്കിലും കരുണ കാണിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.

