കാസര്‍ഗോഡും കോണ്‍ഗ്രസിന്റെ നിയമന കോഴ; സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി

കാസര്‍ഗോഡും കോണ്‍ഗ്രസിന്റെ നിയമന കോഴ. കോണ്‍ഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കോഴയായി വാങ്ങിച്ച് വഞ്ചിച്ചുവെന്ന് പരാതി. കെപിസിസി നിര്‍വ്വാഹക സമിതി അംഗം ശാന്തമ്മ ഫിലിപ്പുള്‍പ്പെടെയുളളവരാണ് പണം കൈപ്പറ്റിയത്. ചിറ്റാരിക്കാല്‍ സ്വദേശി കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കി.

ചിറ്റാരിക്കാല്‍ നടുവിലേക്കൂറ്റിലെ എന്‍ സി മാത്യുവാണ് കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കിയത്. കോണ്‍ഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള ഈസ്റ്റ് എളേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മകന്‍ അലക്‌സിന് പ്യൂണ്‍ സ്ഥിരം നിയമനം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നേതാക്കള്‍ 10 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും 5 വര്‍ഷം കഴിഞ്ഞിട്ടും ജോലി നല്‍കിയില്ലെന്നുമാണ് പരാതി.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ചെലവിലേക്ക് പണം കണ്ടെത്തുന്നതിന് ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്കിലെ ഒഴിവുള്ള 4 പ്യൂണ്‍ തസ്തികയില്‍ ഒന്നില്‍ പണം വാങ്ങി നിയമനം നടത്താന്‍ ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മകന് ജോലി നല്‍കുമെന്ന വാഗ്ദാനം വിശ്വസിച്ച് 10 ലക്ഷം രൂപ കൈമാറി. വൃക്ക രോഗിയായ താന്‍ ചികിത്സക്കും ഭവനനിര്‍മാണത്തിനുമായി ഈസ്റ്റ് എളേരി സഹകരണ ബാങ്കില്‍ കിടപ്പാടം പണയപ്പെടുത്തി എടുത്ത വായ്പ തിരിച്ചടക്കാന്‍ സമാഹരിച്ച തുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറിയതെന്നും എന്‍ സി മാത്യു പരാതിയില്‍ പറയുന്നു.

മകന് നാട്ടില്‍ ജോലി ലഭിച്ചാല്‍ വീട്ടിലെ കാര്യങ്ങളും ചികിത്സയുടെ കാര്യവും നടക്കുമെന്ന് കരുതിയാണ് പണം നല്‍കിയത്. 2022 മാര്‍ച്ച് 16 ന് 3 പ്യൂണ്‍ 4 നൈറ്റ് വാച്ച്മാന്‍, 1 സെയില്‍മാന്‍, 1 പാര്‍ട്ട്ടൈം സ്വീപ്പര്‍ ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ച് എഴുത്തുപരീക്ഷ ഉള്‍പ്പെടെ നടത്തിയിരുന്നു. എന്നാല്‍ നിയമനത്തിനായി അഭിമുഖം നടത്തിയില്ല. നിയമനം നല്‍കാത്തതിനെ തുടര്‍ന്ന് പലതവണ കോണ്‍ഗ്രസ് നേതാക്കളെ സമീപിച്ചെങ്കിലും ഒരു തീരുമാനവുമുണ്ടായില്ല. നിയമനം സംബന്ധിച്ച് കോടതിയില്‍ കേസുണ്ടെന്നായിരുന്നു മറുപടി.

പ്യൂണ്‍ നൈറ്റ് വാച്ച്മാന്‍ ഒഴിവുകളിലെ 25% ഡെയിലി കളക്ഷന്‍ ഏജന്റുമാര്‍ക്ക് സംവരണം ചെയ്തതാണെന്ന് കാണിച്ച് ബാങ്ക് തന്നെയാണ് റിട്ട് പെറ്റിഷന്‍ നല്‍കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്യൂണ്‍ തസ്തികയില്‍ ഒരൊഴിവ് നീക്കിവെച്ചത് മറച്ചു വെച്ച് സംവരണത്തിന്റെ പേര് പറഞ്ഞ് അനാവശ്യമായി ബാങ്ക് കോടതിയെ സമീപിച്ചത് നിയമനം നടത്താതിരിക്കാനാണെന്നും പരാതിയിലുണ്ട്. കെപിസിസി നിര്‍വ്വാഹക സമിതി അംഗവും പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ട്രഷററുമായിരുന്ന ശാന്തമ്മ ഫിലിപ്പ് 4 ലക്ഷം രൂപയും അഗസ്റ്റിന്‍ ജോസഫ് ജോര്‍ജ് കരിമഠം, ജിന്‍സണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് 5 ലക്ഷം രൂപയും കാസര്‍ഗോഡ് സെബാസ്റ്റ്യന്‍ പതാലില്‍, ടോമി പ്ലാച്ചേരി 1 ലക്ഷം രൂപയും പലപ്പോഴായി കൈപ്പറ്റി.
കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടു കണ്ണുകള്‍ക്കും കാഴ്ച നഷ്ടമായി. ഡയാലിസിസ് ചെയ്താണ് ജീവന്‍ നിലനിര്‍ത്തുന്നത്. ബാങ്കില്‍ ഈടു വെച്ച വീടും സ്ഥലവും മാത്രമാണ് ആകെയുള്ളത്. ബാങ്ക് വായ്പ കുടിശ്ശികയും പലിശയുമെല്ലാമായി ഞങ്ങളുടെ കുടുംബം കടക്കെണിയിലാണ്. കുടുംബത്തിന്റെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് കെപിസിസി പ്രസിഡണ്ട് ഇടപെട്ട് പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് എന്‍സി മാത്യു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിയമന അഴിമതിക്കെതിരെ കോണ്‍ഗ്രസ് – യു ഡി എഫ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമാണുയര്‍ത്തുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ കെപിസിസി നിര്‍വ്വാഹക സമിതി അംഗം ഉള്‍പ്പെട്ട കോഴ വിവാദം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്.
