കരൂര്‍ ആള്‍ക്കൂട്ട ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. നീതിയുക്തവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ ഇതുവരെ 41 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസിൽ മദ്രാസ് ഹൈക്കോടതി, ഉത്തരവിറക്കിയ രീതിയെ സുപ്രീം കോടതി വാക്കാൽ ചോദ്യം ചെയ്തിരുന്നു.

സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് ടി വി കെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലാത്തപക്ഷം കൃത്യമായ അന്വേഷണം നടക്കില്ല. തമിഴ്നാട് സര്‍ക്കാര്‍ അന്വേഷണത്തില്‍ ഇടപെടുമെന്നുമായിരുന്നു ടിവികെ വാദിച്ചത്. പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും ടിവികെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

