കാട്ടിലപ്പീടികയിൽ കർണ്ണാടക ആർടിസി ബസ്സും, കെഎസ്ആർടിസി സിഫ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം
.
കൊയിലാണ്ടി: ദേശീയ പാതയിൽ കാട്ടിലപ്പീടികയിൽ കർണ്ണാടക ആർടിസി ബസ്സും, കെഎസ്ആർടിസി സിഫ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ബസ്സിനുള്ളിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ പുറത്തിറക്കി. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. കർണ്ണാടകയിലെ ഹാസനിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കർണ്ണാടക ആർടിസി ബസ് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സിഫ്റ്റ് ബസ്സും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.


അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട സിഫ്റ്റ് ബസ് സമീപത്തെ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. മുൻഭാഗം പാടെ തകർന്നു. കർണ്ണാടക ബസ് നിയന്ത്രണം വിട്ട് സമീപത്തെ കെട്ടിടത്തിനു സമീപത്തേക്ക് ഓടിച്ചു കയറി. സിഫ്റ്റിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ എമർജൻസി വാതിൽ വഴി പുറത്തിറക്കി. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി.




