കലൂർ സ്റ്റേഡിയം അപകടം; അറസ്റ്റിലായ മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കലൂർ സ്റ്റേഡിയം അപകടത്തിൽ അറസ്റ്റിലായ മൃദംഗ വിഷൻ എം ഡി നിഗോഷ് കുമാറിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. എഴു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് നിഗോഷിനെ ഇന്നലെ അറസ്റ്റു ചെയ്തത്. ഇതിനിടെ നിഗോഷ് കുമാറിൻ്റെയും ഷമീർ അബ്ദുൾ റഹിമിൻ്റെയും ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

അതേസമയം ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യസ്ഥിതി കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രശസ്ത കാര്‍ഡിയോ തൊറാസിക് ആന്റ് വാസ്കുലര്‍ സര്‍ജറി വിദഗ്ധനുമായ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്.

ഡോ. ജയകുമാറിനെ കൂടാതെ കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ഫിലിപ്പ് ഐസക്, എറണാകുളം മെഡിക്കല്‍ കോളേജിലെ പള്‍മണോളജി വിഭാഗം പ്രൊഫസര്‍ ഡോ. വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ആശുപത്രിയിലെ മെഡിക്കല്‍ സംഘവുമായി ഇവര്‍ ട്രീറ്റ്മെന്റ് പ്ലാന്‍ ചര്‍ച്ച ചെയ്തു. മന്ത്രി വീണാ ജോര്‍ജ് ഈ സംഘവുമായി ആശയ വിനിമയം നടത്തി. ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ നില മെച്ചപ്പെട്ടുവരുന്നുവെന്നും കൃത്യമായ രീതിയില്‍ ചികിത്സ തുടരുന്നുവെന്നും സംഘം വിലയിരുത്തി.

