കളമശ്ശേരി സ്ഫോടനം: 30 പേർ ചികിത്സയിൽ; മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി മന്ത്രി വീണാ ജോർജ്
കൊച്ചി: കളമശ്ശേരിയിൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 52 പേർ ചികിത്സ തേടിയതായി മന്ത്രി വീണാ ജോർജ്. നിലവിൽ 30 പേർ ചികിത്സയിലുണ്ടെന്നും 6 പേരുടെ നില ഗുരുതരമാണെന്നും മന്ത്രി അറിയിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ അശുപത്രികളിലായി 52 പേരാണ് ചികിത്സതേടിയതെന്ന് മന്ത്രി വ്യക്തമാക്കി. ഒരാളെ മരിച്ച നിലയിലാണ് കൊണ്ടുവന്നത്. നിലവിൽ 30 പേരാണ് വിവിധ ഇടങ്ങളിലായി ചികിത്സയിലുള്ളത്. ഇതിൽ 18 പേർ ഐസിയുവിലാണ്. 6 പേരുടെ നിലയാണ് ഗുരുതരം. ഇതിൽ 3 പേർ മെഡിക്കൽ കോളേജിലാണ്. ഒരാൾക്ക് 50 ശതമാനത്തിൽ കൂടുതൽ പൊള്ളലുണ്ട്. നില ഗുരുതരമായവരിൽ 12 വയസുള്ള കുട്ടിയുമുണ്ട്.


37ഓളം പേരാണ് മെഡിക്കൽ കോളേജിൽ മാത്രമായി ചികിത്സ തേടിയത്. ഇതിൽ 10 പേർ ഐസിയുവിൽ ഉണ്ട്. 10 പേർ വാർഡിലുമുണ്ട്. വാർഡിലുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. അവരെ വൈകിട്ട് വരെ നിരീക്ഷണത്തിൽ വച്ച ശേഷം ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർമാർ അറിയിച്ചതായും മന്ത്രി പറഞ്ഞു.


ആശുപത്രികളിലുള്ളവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുന്നുണ്ട്. മെഡിക്കൽ കോളേജിനു പുറമെ രാജഗിരി, സൺറൈസ് ആശുപത്രി, ആസ്റ്റർ മെഡിസിറ്റി എന്നിവിടങ്ങളിലും 5 പേർ ചികിത്സയിലുണ്ട്. തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്ന് പ്രത്യേക സംഘം എറണാകുളത്ത് എത്തിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏകോപിപ്പിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡിനെ രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.

