കളമശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു
ആലുവ: കളമശേരി സ്‌ഫോടന കേസിലെ പ്രതി എറണാകുളം കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം തെളിവെടുപ്പ് ആരംഭിച്ചു. വലിയ പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ്. പ്രതിയുടെ ആലുവ അത്താണിയിലുള്ള കുടുംബ വീട്ടില്‍ നിന്നാണ് തെളിവെടുപ്പ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.30ഓടെയാണ് കുടുംബ വീട്ടില്‍ പ്രതിയെ എത്തിച്ചത്. വിശദമായ തെളിവെടുപ്പാണ് ഇവിടെ നടക്കുന്നത്.

അതേസമയം, സ്‌ഫോടനത്തിനായി ഡൊമിനിക് മാര്‍ട്ടിന്‍ വാങ്ങിയത് അമ്പതോളം ഗുണ്ടുകളാണെന്നും തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍നിന്നാണ് വാങ്ങിയതെന്നും ഇതിലെ കരിമരുന്ന് എടുത്ത് രണ്ട് ബോംബുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. ബോംബ് പൊട്ടുമ്പോള്‍ ആളിക്കത്താന്‍ എട്ട് ലിറ്റര്‍ പെട്രോള്‍ വാങ്ങിയതിൻറെ ബില്ലും പ്രതിയില്‍നിന്ന് കണ്ടെത്തി.

പെട്രോള്‍ ഉപയോഗിച്ചതിനാലാണ് കൂടുതല്‍പേര്‍ക്ക് പൊള്ളലേറ്റതെന്നാണ് അന്വേഷകസംഘത്തിന്റെ വിലയിരുത്തല്‍. ഏഴു പ്രാവശ്യമായാണ് പെട്രോള്‍ വാങ്ങിയത്. കരിമരുന്ന് കത്തിക്കാനുള്ള തീപ്പൊരി ഉണ്ടാക്കാന്‍ ആറു ബാറ്ററിയും ട്രിഗര്‍ചെയ്യാന്‍ നാലു റിമോട്ടുകളും കൊച്ചിയിലെ കടയില്‍നിന്ന് ഇയാള്‍ വാങ്ങി. സ്‌ഫോടനം നടന്ന ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് പ്രതി സ്‌കൂട്ടറില്‍ തമ്മനം കുത്താപ്പാടി കാദര്‍പിള്ള റോഡിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങിയത്.

ആലുവ അത്താണിയിലെ തറവാട്ടുവീട്ടില്‍ 5.40ന് എത്തി. ടെറസ്സിലിരുന്ന് 6.30ഓടെ ബോംബുനിര്‍മ്മാണം പൂര്‍ത്തിയാക്കി. സ്‌കൂട്ടറില്‍ രാവിലെ ഏഴിന് കണ്‍വന്‍ഷന്‍ സെന്ററിലെത്തി. 7.10ന് ഹാളിന് മധ്യഭാഗത്തെ കസേരകള്‍ക്കിടയില്‍ രണ്ടു പ്ലാസ്റ്റിക് കവറുകളില്‍ ബോംബ് വച്ചു. 9.35ന് ഹാളിന് പുറകിലെത്തി റിമോട്ട് അമര്‍ത്തി സ്‌ഫോടനം നടത്തി. ശേഷം സ്‌കൂട്ടറില്‍ 10.45ന് കൊരട്ടിയിലെ ലോഡ്ജിലെത്തി ഫെയ്‌സ്ബുക് ലൈവിലൂടെ താനാണ് ബോംബ് വച്ചതെന്ന് വെളിപ്പെടുത്തി. 11.15ന് ഭക്ഷണം കഴിച്ച് അരമണിക്കൂറിനകം കൊടകര പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

