കളമശേരി സ്ഫോടനം; ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: കളമശേരിയിൽ ബോംബ് സ്‌ഫോടനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടനത്തിൻറെ ഉത്തരവാദിത്വമേറ്റെടുത്ത് ചിലവന്നൂർ സ്വദേശി ഡൊമിനിക് മാർട്ടിൻ (57) തൃശൂർ കൊടകര പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. സ്‌ഫോടനത്തിൽ കുട്ടിയും സ്‌ത്രീകളും ഉൾപ്പെടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം മലയാറ്റൂർ കടുവൻകുഴി വീട്ടിൽ ലിബിന (12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപടി പുളിയൻ വീട്ടിൽ ലിയോണ പൗലോസ് (55), തൊടുപുഴ കാളിയാർ കുളത്തിങ്കൽ വീട്ടിൽ കുമാരി പുഷ്‌പൻ(53) എന്നിവരാണ് കൊല്ലപ്പെട്ടത്.

പൊള്ളലേറ്റ 33 പേരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഇവരുൾപ്പെടെ 51 പേരെ പരിക്കുകളോടെ എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കളമശേരി മണലിമുക്ക് റോഡിലെ സാമ്ര കൺവൻഷൻ സെന്ററിൽ ഞായർ രാവിലെ 9.40നായിരുന്നു കേരളത്തെ നടുക്കിയ സ്‌ഫോടനം.

ചോറ്റുപാത്രത്തിൽ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. 2500ലേറെപ്പേർ പങ്കെടുത്ത കൺവൻഷൻ സെൻററിലെ പ്രാർഥനയ്‌ക്കിടെ രണ്ട് ബോംബ് മൂന്നുതവണ പൊട്ടിത്തെറിച്ചു. കസേരയുടെ അടിയിലാണ് ഇത് വച്ചിരുന്നതെന്നാണ് അനുമാനം.

