KOYILANDY DIARY.COM

The Perfect News Portal

കളമശേരി സ്‌ഫോടനം; പ്രതി ഡൊമിനിക്‌ മാർട്ടിനെ മൂന്നു സാക്ഷികൾ തിരിച്ചറിഞ്ഞു

കൊച്ചി: കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക്‌ മാർട്ടിനെ മൂന്നു സാക്ഷികൾ തിരിച്ചറിഞ്ഞു. യഹോവയുടെ സാക്ഷികളായ രണ്ടുപേരും നെടുമ്പാശേരി അത്താണിയിൽ ഡൊമിനിക്കിൻറെ ഫ്ലാറ്റിൽ താമസിച്ചിരുന്നയാളുമാണ്‌ തിരിച്ചറിഞ്ഞത്‌. സ്‌ഫോടനം നടന്ന ദിവസം കളമശേരി സാമ്ര കൺവൻഷൻ സെൻററിൽ ഉണ്ടായിരുന്നവരാണ്‌ രണ്ടുപേർ.

വെള്ളി പകൽ 3.15 മുതൽ 3.45 വരെ കാക്കനാട് ജില്ലാ ജയിലിലെ പ്രത്യേക ഹാളിലായിരുന്നു തിരിച്ചറിയൽ പരേഡ്.  ഡൊമിനിക്‌ മാർട്ടിനെ പതിനൊന്നു പേർക്കൊപ്പം നിർത്തിയാണ്‌ തിരിച്ചറിയൽ പരേഡ് നടത്തിയത്‌. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട്‌ എൽദോസ്‌ മാത്യുവും സ്ഥലത്ത്‌ സന്നിഹിതനായി.

 

കൺവൻഷനിൽ പങ്കെടുത്ത മുഴുവൻ പേരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഡൊമിനിക്‌ മാർട്ടിനെ കണ്ടവരോട് നേരിട്ട് ബന്ധപ്പെടാനും പൊലീസ് നിർദേശിച്ചിരുന്നു. ഇത്തരത്തിൽ ഇരുപതോളം പേരാണ്  കൺവൻഷൻ സെന്ററിൽ ഇയാളെ ഞായർ രാവിലെ കണ്ടതായി പൊലീസിനെ അറിയിച്ചത്. അതിൽ മൂന്നുപേരാണ് തിരിച്ചറിയൽ പരേഡിനെത്തിയത്. മറ്റ്‌ സാക്ഷികളെ വരുംദിവസങ്ങളിൽ ജയിലിൽ എത്തിച്ച്‌ തിരിച്ചറിയൽ പരേഡ്‌ നടത്തും.

Advertisements

 

പ്രതിയുടെ കസ്‌റ്റഡിക്കായി അന്വേഷകസംഘം ഉടൻ ജില്ലാ സെഷൻസ്‌ കോടതിയിൽ അപേക്ഷ നൽകും. കേസിൽ തെളിവെടുപ്പ് ബാക്കിയാണ്. ബോംബ് നിർമ്മിച്ചെന്ന് പ്രതി പറഞ്ഞ അത്താണിയിലെ ഫ്ലാറ്റിലാണ് ഇതിനകം തെളിവെടുപ്പ് നടത്തിയത്. കൺവൻഷൻ സെന്റർ, തമ്മനത്തെ വാടകവീട്‌, പെട്രോൾ പമ്പ്‌, റിമോർട്ടും ബാറ്ററിയും വാങ്ങിയ കട, പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ കട എന്നിവിടങ്ങളിലാണ്‌ ഇനി തെളിവെടുക്കാനുള്ളത്‌.

Share news