നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളിൽ മികവ് നേടി കക്കോടി കുടുംബാരോഗ്യകേന്ദ്രം

കക്കോടി: നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളിൽ മികവ് നേടി കക്കോടി കുടുംബാരോഗ്യകേന്ദ്രം. സംസ്ഥാന ഹരിത കേരളം മിഷന്റെ ക്ഷണം സ്വീകരിച്ച് തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി സംഗമത്തിൽ നെറ്റ് സീറോ കാർബൺ പ്രവർത്തന മികവിനുള്ള അംഗീകാരം ആരോഗ്യ കേന്ദ്രത്തിനുവേണ്ടി പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷീബ ഏറ്റുവാങ്ങി. മികവുകളുടെ അവതരണം എന്ന സെഷനിൽ കക്കോടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നെറ്റ് സീറോ കാർബൺ മുൻനിർത്തി നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കെ പി ഷീബ സംസാരിച്ചു.

ഇൻഡോർ ആൻഡ് ഔട്ട് ഡോർ പ്ലാന്റിങ് മില്ലറ്റ് ഇയർ ക്യാമ്പയിന്റെ ഭാഗമായി നടന്ന റാഗി – തിന കൃഷി, ആശുപത്രി ലാബിൽനിന്ന് പുറത്തുവിടുന്ന ജലം ഹൈഡ്രോ ക്ലോറൈഡ് ലായനി ഉപയോഗിച്ച് ശുദ്ധീകരിച്ച് പുറത്തുവിടുന്നതിനുള്ള സംവിധാനം, പഞ്ചായത്ത് പദ്ധതി ഉപയോഗിച്ച് നടപ്പാക്കിയ 10 കെ വി ഹൈബ്രിഡ് സോളാർ പ്ലാന്റ് തുടങ്ങിയ പ്രവർത്തനങ്ങളാണ് ആശുപത്രിയിൽ നെറ്റ് സീറോ കാർബൺ മുൻനിർത്തി ഏറ്റെടുത്തത്. മെഡിക്കൽ ഓഫീസർ ജിനീബ്, ആരോഗ്യ സമിതി അംഗം അജിത നെരവത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എന്നിവർ പങ്കെടുത്തു.

