KOYILANDY DIARY.COM

The Perfect News Portal

കെ. സുധാകരനും വിഡി സതീശനും വാർത്താ സമ്മേളനത്തിൽ ഏറ്റുമുട്ടി

തിരുവനന്തപുരം: കെ. സുധാകരനും വിഡി സതീശനും വാർത്താ സമ്മേളനത്തിൽ ഏറ്റുമുട്ടി. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം വാർത്താസമ്മേളന വേദിയിലേക്കും എത്തിയതിന്റെ വീഡിയോ വൈറൽ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്‌ കഴിഞ്ഞശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇരുവരും തമ്മിലിടയുന്ന ദൃശ്യമാണ്‌ ഇപ്പോൾ പ്രചരിക്കുന്നത്‌.

കോൺഗ്രസ്‌ യോഗശേഷം വി ഡി സതീശൻ മാധ്യമങ്ങൾക്കുമുന്നിലെത്തിയപ്പോൾ കെ സുധാകരനും ഒപ്പമെത്തി. സുധാകരനുവേണ്ടി കസേര മാറിയിരുന്ന സതീശൻ ചാനൽ മൈക്കുകളും തന്റെ വശത്തേക്ക്‌ നീക്കിവച്ചു. എന്നാൽ, സുധാകരന്‌ ഇത്‌ രസിച്ചില്ല. ‘‘ഞാൻ തുടങ്ങാം’’ എന്നായി സുധാകരൻ. സതീശൻ വഴങ്ങിയില്ല. ‘‘ഞാൻ തുടങ്ങാം’’ എന്ന നിലപാടിലായിരുന്നു അദ്ദേഹവും. ‘‘അതെങ്ങനെ ശരിയാകും, കെപിസിസി പ്രസിഡന്റ്‌ എന്ന നിലയിൽ ഞാൻ തുടങ്ങും’’എന്ന്‌ സുധാകരൻ ദേഷ്യത്തിൽ പറയുന്നതും ദൃശ്യത്തിലുണ്ട്‌. തുടർന്ന്‌ വി ഡി സതീശൻ അരിശത്തോടെ തന്റെ മുന്നിലിരുന്ന ചാനൽ മൈക്കുകൾ സുധാകരന്റെ മുന്നിലേക്ക്‌ നീക്കിവച്ചു. കോൺഗ്രസ്‌ പ്രവർത്തകർ ഷാൾ അണിയിക്കാൻ ശ്രമിച്ചപ്പോൾ തട്ടിമാറ്റുകയും ചെയ്‌തു.

മാധ്യമപ്രവർത്തകർ തന്നോട്‌ ചോദ്യങ്ങൾ ചോദിച്ചപ്പോഴും സതീശൻ അരിശം തീർത്തു. ‘‘എല്ലാം പ്രസിഡന്റ്‌ പറഞ്ഞല്ലോ, അതിൽക്കൂടുതൽ എനിക്കൊന്നും പറയാനില്ല’’ എന്നായിരുന്നു മറുപടി. മുതിർന്ന നേതാക്കളായ കെ സി ജോസഫ്‌, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നെങ്കിലും തർക്കത്തിൽ ഇടപെട്ടില്ല.

Advertisements
Share news