കെ ഫോൺ; ഹർജി തള്ളിയതോടെ പുറത്തായത് പദ്ധതി അട്ടിമറിക്കാനുള്ള പ്രതിപക്ഷ ശ്രമം
സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിന് നേരിട്ടത് വൻ തിരിച്ചടി. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളിൽ ഊന്നിയുള്ള പ്രതിപക്ഷ നേതാവിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് പ്രതിപക്ഷ ആരോപണം പൊളിഞ്ഞത്. സിഎജിയുടെ പരാമർശങ്ങൾ തീരുമാനങ്ങൾ അല്ലെന്നും അവ തള്ളാനും കൊള്ളാനുമുള്ള അവകാശം നിയമസഭയ്ക്ക് ഉണ്ടെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കെ ഫോൺ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഹർജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. സർക്കാരിന്റെ എല്ലാ പദ്ധതികളെയും രാഷ്ട്രീയ ലക്ഷ്യത്തോടെ കണ്ണടച്ച് എതിർക്കുന്ന പ്രതിപക്ഷത്തിന്റെ പതിവ് രീതികൾക്ക് കോടതിയുടെ രൂക്ഷ വിമർശനം കൂടി ആയതോടെ പ്രതിപക്ഷനേതാവിന്റെ ആരോപണം ഒന്നുകൂടി പരിഹാസ്യമായി. സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളായിരുന്നു പ്രതിപക്ഷത്തിന്റെ ഹർജിയിലെ പ്രധാന ആരോപണം. ഇതിന്മേൽ കൃത്യമായ മറുപടികളും രേഖകളും നൽകി കെ ഫോൺ അധികൃതർ സി എ ജി ക്ക് വ്യക്തത വരുത്തുകയും ചെയ്തു.

സിഎജിയുടെ പരാമർശങ്ങൾ തീരുമാനങ്ങൾ അല്ലെന്നും അവ തള്ളാനും കൊള്ളാനുമുള്ള അവകാശം നിയമസഭയ്ക്ക് ഉണ്ടെന്നും കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങൾ ഒക്കെയും പൊളിയുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് പദ്ധതി തുടങ്ങി നാലുവർഷം ആകുന്നതിനിടയിൽ ഡിസംബറോടെ ഒരു ലക്ഷം കണക്ഷൻ പൂർത്തിയാക്കാൻ കെ ഫോൺ ഒരുങ്ങുന്നത്.




