കെ കെ രാഗേഷിനെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

കെ കെ രാഗേഷ് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മറ്റി യോഗമാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമാണ് കെ.കെ. രാഗേഷ്. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും രാഗേഷ് പ്രവർത്തിച്ചു. എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ ആദ്യ മലയാളിയായിരുന്നു. എസ്.എഫ്.ഐ.യുടെ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ച് സംസ്ഥാന നേതൃത്വത്തിലേക്കും അഖിലേന്ത്യ നേതൃത്വത്തിലേക്കും ഉയർന്നു.


കണ്ണൂർ കാഞ്ഞിരോട്ടെ സി. ശ്രീധരന്റെയും കർഷക തൊഴിലാളിയായ കെ കെ യശോദയുടെയും മകനാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്.

