കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
കോടതി ക്ഷേത്രവും ജഡ്ജിമാർ ദൈവങ്ങളുമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ആളുകളുടെ ഇത്തരം ആരാധനകൾ അപകടകരമാണെന്നും, ഇന്ത്യൻ ജനാധിപത്യത്തെ ഇത് അപകടത്തിലാക്കുമെന്നും കൊൽക്കത്തയിൽ വെച്ച് നടന്ന നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഈസ്റ്റ് സോൺ 2 റീജിയണൽ കോൺഫറൻസിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

‘ആളുകൾ പലപ്പോഴും വലിയ ആരാധനയോടെ ജഡ്ജിമാരെ നോക്കി കാണുന്നു. ഇത് നിസാരമായ ഒരു സംഗതിയല്ല. വളരെ ഗുരുതരമായ അപകടമുണ്ട്. ആളുകളുടെ ആരാധനയിൽ അഭിരമിച്ച് ആ ക്ഷേത്രങ്ങളിലെ ദൈവങ്ങളായി നാം സ്വയം കാണുന്നതും വലിയ അപകടമാണ് അത്, ചന്ദ്രചൂഡ് പറഞ്ഞു.


‘ജഡ്ജിമാർ ജനങ്ങളുടെ സേവകരാണ്. ജനാധിപത്യത്തിലൂന്നിയായിരിക്കണം അവർ പ്രവർത്തിക്കേണ്ടത്. മറ്റുള്ളവരെ സേവിക്കാനുള്ള ആളുകളായി നിങ്ങൾ നിങ്ങളെ തെരെഞ്ഞെടുക്കുമ്പോൾ സഹാനുഭൂതിയോടെയും അനുകമ്പയോടെയും ആളുകളെ നോക്കി കാണുന്നതിന് പ്രാധാന്യമുണ്ടായിരിക്കണം. ക്രിമിനൽ കേസിൽ ആരെയെങ്കിലും ശിക്ഷിക്കുമ്പോൾ പോലും ജഡ്ജിമാർ അനുകമ്പയോടെയാണ് ശിക്ഷ വിധിക്കുന്നത്. കാരണം, അവസാനം ശിക്ഷിക്കപ്പെടുന്നത് ഒരു മനുഷ്യനാണെന്ന ബോധ്യം അയാൾക്കുണ്ടാകുന്നു’, ചന്ദ്രചൂഡ് വ്യക്തമാക്കി.


‘ഭരണഘടനാപരമായ ധാർമ്മികതയുടെ ഈ ആശയങ്ങൾ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ ഉള്ള ജഡ്ജിമാർക്ക് മാത്രമല്ല, ജില്ലാ ജുഡീഷ്യറിക്ക് തന്നെ പ്രധാനമാണ്. സാധാരണ പൗരന്മാരുടെ ഇടപെടൽ ആദ്യം ആരംഭിക്കുന്നത് ജില്ലാ ജുഡീഷ്യറിയിൽ നിന്നാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.




