KOYILANDY DIARY

The Perfect News Portal

ജിഷ കൊലക്കേസ്; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ സർക്കാർ ഹർജിയിലും പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കുന്നതിന് അനുമതി തേടി സർക്കാർ സമർപ്പിച്ച ഹർജിയിലാണ് വിധി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച അപ്പീലിലും ഹൈക്കോടതി വിധി പുറപ്പെടുവിക്കും.

Advertisements

2016 ഏപ്രിൽ 28 രാത്രിയിലാണ് നിയമ വിദ്യാർത്ഥിനിയായ ജിഷ പെരുമ്പാവൂരിലെ ഇരിങ്ങോളിൽ കനാൽ പുറമ്പോക്കിലെ വീട്ടിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്‌. രണ്ട് മാസത്തിന് ശേഷം ജൂൺ 16ന്‌ പ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാം അറസ്‌റ്റിലായി. സെപ്‌തംബർ 16ന്‌ കുറ്റപത്രവും സമർപ്പിച്ചു. 2017 ഡിസംബർ 14ന്‌ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്‌ കോടതി പ്രതിക്ക്‌ വധശിക്ഷ വിധിച്ചു.

 

നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാൽ അതിന് ഹൈക്കോടതിയുടെ അനുമതി വേണം. അതിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച അപേക്ഷയാണ്‌ ഇന്ന് പ്രതിയുടെ അപ്പീലിനൊപ്പം പരിഗണിക്കുന്നത്‌. യു ഡി എഫ് ഭരണകാലത്താണ് ജിഷ കൊല്ലപ്പെട്ടത്. പ്രതിയെ പിടികൂടാൻ സാധിക്കാതിരുന്ന യു ഡി എഫ് സർക്കാറിനെതിരെ വലിയ ജനരോഷം ഉയർന്നിരുന്നു.

Advertisements

 

പിന്നീട് അധികാരത്തിൽ വന്ന ഒന്നാം പിണറായി സർക്കാർ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുകയും പ്രതിയെ ഉടൻ തന്നെ പിടികൂടുകമായിരുന്നു. ജസ്റ്റിസ് പി ബി സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജയിൽ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുക്കും വധശിക്ഷ നൽകണമോ എന്ന് ഹൈക്കോടതി തീരുമാനിക്കുക.