KOYILANDY DIARY.COM

The Perfect News Portal

ജിം ട്രെയിനര്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു

ദില്ലയില്‍ 29കാരനായ ജിം ട്രെയിനര്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലയിലെ വീട്ടില്‍ മുഖത്തും നെഞ്ചത്തുമായി 15 തവണ കുത്തേറ്റ നിലയിലാണ് ഗൗരവ് സിംഗാലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ പിതാവ് ഒളിവിലാണ്. ഗൗരവിനെ കൊലപ്പെടുത്തിയത് പിതാവാണെന്നാണ് പ്രാഥമിക നിഗമനം.



ഗൗരവിന്റെ ബന്ധുവിനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദക്ഷിണ ദില്ലിയിലെ ദേവ്‌ലി എക്‌സ്റ്റന്‍ഷനിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. യുവാവും പിതാവും തമ്മില്‍ വാക്കുതര്‍ക്കം നടന്നിട്ടുണ്ട്. പ്രധാന പ്രതി അറസ്റ്റിലായാല്‍ മാത്രമേ യാഥാര്‍ത്ഥ്യം എന്താണെന്ന് വ്യക്തമാകു. ആക്രമത്തിന് പിന്നാലെ ഗൗരവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വ്യാഴാഴ്ച ഗൗരവിന്റെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു. വീട്ടുകാര്‍ ഉറപ്പിച്ച ബന്ധമാണ്. അതേസമയം കുടുബത്തിലുള്ള ആരും ഇത്തരത്തിലൊരു പ്രവര്‍ത്തി ചെയ്യില്ലെന്നാണ് ഗൗരവിന്റെ ബന്ധുക്കള്‍ പറയുന്നത്. വീടിനു പുറത്ത് ഡോല്‍ കൊട്ട് നടക്കുന്നതിനാല്‍ യാതൊരു വിധത്തിലുള്ള ശബ്ദങ്ങളും പുറത്തുകേട്ടില്ലെന്നാണ് എല്ലാവരും പറയുന്നതും.

Advertisements
Share news