ജപ്പാന്റെ റെസിലിയൻസ് ലൂണാർ ലാൻഡർ ദൗത്യം പരാജയപ്പെട്ടു

ജപ്പാനിലെ സ്വകാര്യ കമ്പനിയായ ഐസ്‌പേസിന്റെ റെസിലിയൻസ് പേടകം ചന്ദ്ര പ്രതലത്തിൽ ഇറക്കുന്നതിൽ പരാജയപ്പെട്ടു. സോഫ്റ്റ് ലാൻഡിങ്ങിന് തൊട്ടു മുമ്പ് നിയന്ത്രണം നഷ്ടപ്പെട്ടതാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്നാണ് നിഗമനം. വേഗനിയന്ത്രണ സംവിധാനങ്ങൾ കൃത്യമായ പ്രവർത്തിക്കാഞ്ഞതിനാലാകാം ലാൻഡറിന് ചന്ദ്രനിൽ ഇറങ്ങാൻ സാധിക്കാതിരുന്നത്.

സ്‌പേസ് എക്‌സിന്റെ ഫാൽക്കൻ റോക്കറ്റാണ് റെസിലിയൻസ് പേടകത്തെ ജനുവരി 15ന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രന്റെ വടക്ക് പടിഞ്ഞാറുള്ള മാരി ഫ്രിഗോരിസ് സമതലത്തിൽ ലാൻഡ് ചെയ്യാനായിരുന്നു ലക്ഷ്യം. നാലരമാസത്തിലേറെ യാത്ര ചെയ്താണ് റെസിലിയൻസ് പേടകം ചാന്ദ്രവലയത്തിലെത്തിയത്.

വ്യാഴാഴ്ച ചാന്ദ്ര പ്രതലത്തിന് നൂറു കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിൽ എത്തിയ പേടകം സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ എൻജിൻ ജ്വലിപ്പിച്ച് ലാൻഡിങ്ങിനായി തയ്യാറെടുത്തു. ആറ് ഘട്ടങ്ങളിലായി വേഗം കുറച്ച് ചന്ദ്ര പ്രതലത്തിൽ ഇറങ്ങുക എന്നതായിരുന്നു ലക്ഷ്യം നാല് ഘട്ടംവരെ സുഗമായി പ്രവർത്തിച്ചുവെങ്കിലും ചാന്ദ്രപ്രതലത്തിന് അഞ്ച് കിലോമീറ്റർ മുകളിൽ എത്തിയതോടെ ലാൻഡറുമായുള്ള ബന്ധം നഷ്ടമായി.

രണ്ടാഴ്ച ചാന്ദ്ര പ്രതലത്തിൽ പര്യവേഷണം നടത്തുക എന്നതായിരുന്നു പേടകത്തിന്റെ ലക്ഷ്യം. ഐസ്‌പേസ് വികസിപ്പിച്ച പേടകമായിരുന്നു ഇത്. മുമ്പ് ഇവർ അയച്ച ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നിരുന്നു. .

